ma-yousaf-ali

ദുബായ്: ലോകകേരള സഭ സമ്മേളനത്തിന്റെ ഭഷണ ചെലവ് സംബന്ധിച്ചുള്ള വിവാദം പ്രവാസികളോടുള്ള അവഹേളനമാണെന്ന് നോർക്ക റൂട്സ് വൈസ് ചെയർമാനും ലുലൂ ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു. ഞങ്ങളാരും ഇവിടെ പട്ടിണി കിടക്കുന്നവരല്ല, ഭക്ഷണം കഴിക്കാത്തവരുമല്ല. പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടിയുള്ള ചർച്ചകളാണ് ലോകകേരള സഭയിൽ നടന്നത്. പ്രവാസികൾ ഇവിടെ അദ്ധ്വാനിച്ച് അയക്കുന്ന പണമാണ് കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. കേരളത്തിലെ ഒരോ വീടിനും പ്രവാസി ബന്ധമുണ്ട്. കഴിച്ച ഭക്ഷണത്തിന്റെ പേരിൽ അനാവശ്യമായ വിവാദം എല്ലാ പ്രവാസികളോടുള്ള അവഹേളനമാണെന്ന് യൂസഫലി പറഞ്ഞു.

ലോക കേരള സഭയുടെ പേരിലും സർക്കാർ ധൂർത്ത് നടത്തിയെന്ന വാർത്തയോടാണ് യൂസഫലിയുടെ പ്രതികരണം. ഒരാളുടെ ഉച്ചഭക്ഷണത്തിന് 1900 രൂപയാണ് കോവളത്തെ റാവിസ് എന്ന പഞ്ചനക്ഷത്ര ഹോട്ടൽ ഈടാക്കിയത്. രാത്രി ഭക്ഷണത്തിന് 1700 രൂപ. പ്രഭാത ഭക്ഷണത്തിന് ഒരാൾക്ക് 550 രൂപ. 700 പേർക്ക് രണ്ടര ദിവസത്തെ ആകെ ഭക്ഷണ ചെലവ് 59 ലക്ഷത്തിന് മുകളിലാണ്‌.


സംഭവം വിവാദമായതിനെ തുടർന്ന് സഭയിൽ പങ്കെടുത്ത ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയായ സോഹൻ റോയ് താൻ വരുത്തിവച്ച തുക തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇത്തവണത്തെ ലോക കേരള സഭയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോൾ സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികൾക്കു നൽകിയ ഫൈവ് സ്റ്റാർ താമസ സൗകര്യം പോലും സ്നേഹപൂർവ്വം നിരസിച്ചിരുന്നു. ആദ്യ ദിവസം രാത്രിയിൽ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരൽ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്പോൺസർ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കിൽ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നൽകാൻ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്പനികൾ കേരളത്തിലുണ്ട്"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.