ജൻഗാവൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പല വിധത്തിലാണ് വിശേഷിപ്പിക്കുന്നത്. യുദ്ധക്കൊതിയനായും, വിഡ്ഢിയാവും, വംശവെറിയനായുമൊക്കെ അദ്ദേഹത്തെ ചിത്രീകരിക്കുന്നവരുണ്ട്. എന്നാൽ തെലങ്കാന സംസ്ഥാനത്തെ ജൻഗാവൺ ജില്ലയിവുംള്ള ബുസ കൃഷ്ണയെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല ട്രംപ്, അദ്ദേഹം ദൈവതുല്യനാണ്. അതിനാൽ വീടിനു ചേർന്ന് ട്രംപിന്റെ ആറടി ഉയരമുള്ള പ്രതിമ സ്ഥാപിച്ച് നിത്യപൂജ നടത്തുകയാണ് ഈ യുവാവ്. തീർന്നില്ല ട്രംപിന്റെ ആയൂർ ആരോഗ്യം കാത്ത് രക്ഷിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചയും ഉണ്ണാവ്രതവും വർഷങ്ങളായി ഇദ്ദേഹം അനുഷ്ഠിക്കുന്നുണ്ട്. ഇതു കൂടാതെ ബുസാൽ സഞ്ചരിക്കുമ്പോഴെല്ലാം ട്രംപിന്റെ ഒരു ചിത്രവും കൂടെ കൊണ്ടു പോകും, ഏതു ജോലിയും ആ ചിത്രം എടുത്തുവച്ച് ഒരു നിമിഷം പ്രാർത്ഥിച്ചതിന് ശേഷമേ തുടങ്ങുകയുള്ളു.
അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശനത്തിന് എത്തുന്ന വേളയിൽ അദ്ദേഹത്തെ ഒന്നു നേരിൽ കാണുവാൻ ഭാഗ്യം ഉണ്ടാവുമോ എന്ന ചിന്തയിലാണ് ഇപ്പോൾ ബുസാൽ. ഇതിനായി കേന്ദ്രം കനിയണമെന്ന അപേക്ഷയും അദ്ദേഹം മുന്നിൽ വച്ചു കഴിഞ്ഞു. ട്രംപിനോടുള്ള ആരാധന കണക്കിലെടുത്ത് ബുസാൽ കൃഷ്ണയെ ഇപ്പോൾ നാട്ടുകാർ ട്രംപ് കൃഷ്ണ എന്നാണ് വിളിക്കുന്നത്, തീർന്നില്ല അദ്ദേഹത്തിന്റെ വീട്ടു പേര് ട്രംപ് ഹൗസ് എന്നും മാറ്റി. ഈ മാസം 24ന് ഇന്ത്യയിലെത്തുന്ന ട്രംപിന് ബുസാലിനെ കാണാനായില്ലെങ്കിലും ഈ കഥയെങ്കിലും മോദി അദ്ദേഹത്തിനോട് പറയുമായിരിക്കും എന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ ഇപ്പോൾ.