ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇപ്പോഴും അതിർത്തിയിൽ സംഘർഷങ്ങൾ നടക്കാറുണ്ട്. എന്നാൽ, കാശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഇന്ത്യയ്ക്കെതിരായ നയതന്ത്ര ആക്രമണം പാകിസ്ഥാൻ ശക്തമാക്കിയിട്ടുണ്ട്. കാശ്മീർ ആഭ്യന്തരപ്രശ്നമാണെന്നും മറ്റൊരു രാജ്യവും ഈ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. അതേസമയം, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പ് ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. അന്നും ഭീകരവാദത്തെ തള്ളാൻ പാകിസ്ഥാൻ തയ്യാറായിരുന്നില്ലെന്ന് പ്രമുഖ നയതന്ത്രജ്ഞനും മുൻ അംബാസിഡറുമായ ഡോ.ടി.പി ശ്രീനിവാസൻ പറയുന്നു.
ഇപ്പോഴും ഇന്ത്യ പാക് ബന്ധത്തിന് യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പോളിസിയിലേക്ക് മോദി എങ്ങനെയാണ് മാറിയതെന്നും ഡോ.ടി.പി ശ്രീനിവാസൻ വെളിപ്പെടുത്തി. കൗമുദി ടി.വി "സ്ട്രെയിറ്റ് ലെെനി"ലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"ഇന്ത്യ പാകിസ്ഥാൻ ബന്ധത്തിന് ഇപ്പോഴും യാതൊരു പുരോഗതിയുമില്ല. നോ വാർ നോ പീസ് അത്രയേ ഉള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി കുറേ ശ്രമിച്ചു നോക്കിയല്ലോ. അദ്ദേഹം പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കൊച്ചുമകന്റെ കല്യാണത്തിന് പോയി. ഷെരീഫ് മോദിയുടെ അമ്മയ്ക്ക് സാരി അയച്ചു കൊടുത്തു. പലതവണ മീറ്റ് ചെയ്തു. ഇതെല്ലാം കഴിഞ്ഞിട്ടും അദ്ദേഹം വന്ന കൺക്ലൂഷൻ ഇതുകൊണ്ടൊന്നും നടക്കാൻ പോകുന്നില്ലെന്നാണ്.
അവരുടെ ഭീകരവാദം നിറുത്തലാക്കാൻ പാകിസ്ഥാൻ തയ്യാറല്ല. കാശ്മീറിന്റെ കാര്യത്തിൽ യാതൊരു തലത്തിലുള്ള മാറ്റവും വരില്ല. തുടർന്നാണ് അദ്ദേഹം പഴയ പോളിസിയിലേക്ക് പോയത്. ഇത് ഡോ. മൻമോഹൻ സിംഗിന്റെ പോളിസിയായിരുന്നു. ഭീകരവാതം നിറുത്തിയില്ലെങ്കിൽ നോ കോൺവസേഷൻ. ആ പോളിസി അങ്ങ് ഇമ്പ്ളിമെന്റ് ചെയ്തു. ഇനി സംഭാഷണം ഇല്ല. ഭീകരവാദം നിറുത്തുക എന്നതാണ്. പാകിസ്ഥാൻ അതിർത്തിയിൽ എന്തെങ്കിലും ചെയ്താൽ തിരിച്ച് സർജിക്കൽ സ്ട്രെെക്ക്"-അദ്ദേഹം പറയുന്നു.