അമേരിക്കൻ പ്രസിഡന്റുമാർ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സന്ദർശിക്കുമ്പോൾ താരമാകുന്നത്, അവരുടെ ഒൗദ്യോഗിക യാത്ര വിമാനമായ എയർഫോഴ്സ് വൺ ആയിരിക്കും. ലോകത്തിന്റെ ഏതുഭാഗത്തും സഞ്ചരിക്കാൻ കഴിയുന്ന വിമാനങ്ങളിലൊന്നാണ് എയർഫോഴ്സ് വൺ. ഇപ്പോഴിതാ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുമ്പോഴും എയർഫോഴസ് വൺ തന്നെയാണ് എല്ലാവരുടെയും സംസാര വിഷയം. ബോയിംഗ് 747-200 അഥവാ ജംബോ ജെറ്റ് വിമാനമാണ് എയർഫോഴ്‌സ് വൺ. പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളിൽ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെനേരിടാനും പ്രത്യാക്രമണം നടത്താനുംശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.
25കോടിഡോളർ വില വരുന്ന ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങൾ അമേരിക്കൻ പട്ടാളത്തിന്റെ കൈവശമുണ്ട്. മണിക്കൂറിൽ 1014 കിലോമീറ്റർ സഞ്ചരിക്കുന്ന ഇവയ്ക്ക് 12.550 കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാനാവും. ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കുന്ന ഇവയ്ക്ക് അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കില്ലെന്നതാണ് പ്രത്യേകത. മണിക്കൂറിൽ ഒരു ലക്ഷം ഡോളറാണ് ഈ വിമാനത്തിനുള്ള ചെലവ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിയന്ത്രണത്തിലാണ് എയർഫോഴ്‌സ് വൺ.
ചരിത്രം
1962ലാണ് പ്രസിഡന്റിന് ഒൗദ്യോഗികമായി യാത്ര ചെയ്യാൻ ഒരു വിമാനം നിർമ്മിക്കുന്നത്. അന്നത്തെ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയാണ് ഈ വിമാനത്തിൽ ആദ്യമായി യാത്ര ചെയ്തത്. പരിഷ്കരിച്ച ബോയിംഗ് 707 വിമാനമായിരുന്നു അത്. പിന്നീട് മാറി മാറി പല വിമാനങ്ങളും പ്രസിഡന്റുമാർ ഉപയോഗിച്ചു. 1990ൽ പ്രസിഡന്റ് എച്ച്.ഡബ്ല്യു ബുഷിന്റെ ഭരണകാലത്ത് ഡെലിവറി ചെയ്ത വിമാനങ്ങളിൽ ഒന്നാണ് നിലവിൽ ഉപയോഗിക്കുന്നതിൽ ഒന്ന്.
വിമാനത്തിന്റെ ഘടനയും സൗകര്യങ്ങളും
നാലായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണവും 70.4 മീറ്റർ നീളവും 59.6 മീറ്റർ വീതിയും ഈ വിമാനത്തിനുണ്ട്. പ്രസിഡന്റിനു പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുള്ള ഈ വിമാനത്തിന് മൂന്നു നിലകളാണുള്ളത്. കിടപ്പറ, ഒരു ഡ്രസിംഗ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉൾപ്പെട്ടതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി. അത്യാധുനിക ആശയ വിനിമയശൃംഖലക്ക് പുറമെ 85 ടെലിഫോൺ, 19 എൽ.സി.ഡി സ്‌ക്രീനുകൾ എന്നിവയും വിമാനത്തിന്റെ ഭാഗമായിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് ആഡംബര കാർ (ലിമോസിൻ), ആംബുലൻസ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
ഈ വിമാനത്തിൽ 102 പേർക്ക് ഇരിക്കാനാകും. വൈദ്യചികിത്സാ സൗകര്യങ്ങളുള്ള മെഡിക്കൽ സ്യൂട്ട്, പ്രസിഡന്റിന്റെ സഹായികളായ മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക കാബിനുകൾ, സമ്മേളനഹാൾ, സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള താമസസൗകര്യം, മാദ്ധ്യമപ്രവർത്തകർക്കുള്ള ഇരിപ്പിടം, ജീവനക്കാർക്കുള്ള മുറികൾ തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങൾ. വിമാനത്തിലെ ഭക്ഷണശാലയിൽ ഒരേ സമയം നൂറു പേർക്ക് ഭക്ഷണം വിളമ്പാനാകും. സാറ്റ്‌ലൈറ്റ് സംവിധാനത്തിലൂടെ വിമാനയാത്രയിൽ തന്നെ പ്രസിഡന്റിന് ഏതു ലോകനേതാവുമായും ആശയ വിനിമയം നടത്താനാവും. യാത്രക്കിടയിൽ അക്രമണം നടന്നാൽ, മെഡിക്കൽ സൗകര്യവും രക്തബാങ്കും ഒരുക്കിയിട്ടുണ്ട്. യാത്രക്കിടയിൽ തന്നെ ആവശ്യമെങ്കിൽ ഇന്ധനം നിറയ്ക്കുകയുമാവാം.
സുരക്ഷ
വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസിന്റെ കീഴിലുള്ള എയർ ലിഫ്റ്റ് ഗ്രൂപ്പാണ് എയർഫോഴ്സ് വണ്ണിനെ പരിപാലിക്കുന്നത്. 1944ൽ പ്രസിഡന്റ് ഡി. ഫ്രാങ്ക്ലിന്റെ നിർദ്ദേശ പ്രകാരം പ്രസിഡൻഷ്യൽ ഓഫീസാണ് എയർലിഫ്റ്റ് ഗ്രൂപ്പിന് രൂപം നൽകിയത്. ഭീകരാക്രമണത്തിനും, ആണവായുധ ആക്രമണത്തെപ്പോലും പ്രതിരോധിക്കും വിധമാണ് ഇതിന്റെ നിർമ്മിതി. ഇലക്ട്രിക് ഡിഫൻസ് സിസ്റ്റം പോലുള്ള പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകർക്കാനും കഴിയും. വിമാനത്തിലെ മിറർ ബാൾ ഡിഫൻസിലൂടെ ഇൻഫ്രാ റെഡ് മിസൈൽ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി ആക്രമണം തടയാൻ സാധിക്കും. ആണവായുധം കൊണ്ടുള്ള ആക്രമണം ചെറുക്കാനും അമേരിക്കൻ പ്രസിഡന്റിന് ആവശ്യമെങ്കിൽ വിമാനത്തിൽ ഇരുന്നു കൊണ്ട് ആണവ പ്രത്യാക്രമണം നടത്താനുമുള്ള സൗകര്യമുണ്ട്. ന്യൂക്ലിയർ ബട്ടൺ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസ് വിമാനത്തിലുണ്ട്.