
"പാത്തുമ്മയുടെ ആട്" ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. എന്‍.കെ ഷംലാദ് സംവിധാനം ചെയ്ത ചിത്രത്തിന് ആശ്രിത് സന്തോഷ് ഛായാഗ്രഹണവും മുകേഷ് കൊമ്പന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. 20മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിൽ ബാല്യകാല നിഷ്‌കളങ്കതയും സഹജീവി സ്നേഹവുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ പ്രധാനകഥാപാത്രമായ എട്ടാംക്ലാസുകാരന്‍ അലിയുടെ അനിയന്റെ സുന്നത്ത് കല്യാണത്തിന് ബിരിയാണിവയ്ക്കാന്‍ ഒരു ആടിനെ കൊണ്ടുവരുന്നതും തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം. സന്ദൂപ് കരുവട്ടിന്റെ വരികള്‍ക്ക് ധനുഷ് ഹരികുമാറാണ് ഈണം നല്‍കിയത്. പാച്ചു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍.
ആടിനെ മേയ്ക്കാന്‍ കുന്നിന്‍മുകളില്‍ പോയപ്പോള്‍ ഫാത്തിമയെന്ന പെണ്‍കുട്ടിയുമായി അലി സൗഹൃദത്തിലാകുന്നതും ആടിനെ കൈവിടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതുമെല്ലാം വ്യത്യസ്തമായി ഒരുക്കിയിരിക്കുന്നു. വയനാട്ടിലേയും തൃശൂരിലേയും പ്രകൃതി മനോഹാരിതയും ചിത്രത്തിലുടനീളമുണ്ട്. ഫെബ്രുവരി ആറിന് യൂട്യൂബില്‍ റിലീസ് ചെയ്ത ഷോട്ട് ഫിലിം ഇതിനകം രണ്ട് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.