തിരുവനന്തപുരം: ലോക കേരളസഭയ്‌ക്കായി വൻ തുക മുടക്കിയതുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങളാണ് ഉയരുന്നത്. പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപ ചിലവഴിച്ചുവെന്ന് പുറത്തെത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനിടെ ലോക കേരളസഭയുടെ ഭക്ഷണത്തിനായി മുടക്കിയ പണം വേണ്ടെന്ന് ആർ.പി ഗ്രൂപ്പ് ഉടമ രവി പിള്ള വ്യക്തമാക്കി. 80 ലക്ഷം രൂപയാണ് റാവിസ് വേണ്ടെന്ന് വയ്ക്കുന്നത്. വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഒരുരൂപ പോലും സര്‍ക്കാരിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് റാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ബില്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പും രവി പിള്ളയും അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ലെന്നും രവി പിള്ള കൂട്ടിച്ചേർത്തു.
ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടന്നത്. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവരുടെ താമസത്തിന്റെയും ഒരുക്കിയ ഭക്ഷണത്തിന്റെയും ചിലവു സംബന്ധിച്ച വിവരങ്ങളാണ് നേരത്തെ പുറത്തുവന്നത്.