പല രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിലെയും പ്രതികരണത്തെ തുടർന്ന് മോഹൻലാലിന്റെ രാഷ്ട്രീയം പലപ്പോഴും ജനങ്ങൾക്കിടയിൽ ചർച്ചയാകാറുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മോഹൻലാൽ ബി.ജെ.പി സ്ഥാനാർത്ഥിയായേക്കുമെന്ന റിപ്പോർട്ടുകൾ വരെ പ്രചരിച്ചിരുന്നു. എന്നാൽ എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമായിരുന്നു. സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് ഫാൻഫൈറ്റുകൾ നടക്കുന്നതും നമ്മൾ കാണാറുണ്ട്. എന്നാലും മോഹൻലാലിന്റെ ഇപ്പോഴത്തെ രാഷ്ട്രീയത്തെ കുറിച്ച് ആർക്കും കൃത്യമായി ഒരു ധാരണയുമില്ല.
ഇപ്പോഴിതാ, ഇതേ കുറിച്ച് നടനും മോഹൻലാലിന്റെ സഹപാഠിയുമായ സന്തോഷ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സന്തോഷ് മോഹൻലാലിന്റെ പഠനകാലത്തെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത്. സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ, 'മോഹൻലാൽ എസ്.എഫ്.ഐ.യും താൻ ഡി.എസ്.യുവും ആയിരുന്നു, അതുകൊണ്ട് തന്നെ അന്ന് തങ്ങൾ തമ്മിൽ ചേർച്ചക്കുറവുണ്ടായിരുന്നു'. പ്രീഡിഗ്രിക്കും ഡിഗ്രിക്കും തിരുവനന്തപുരം എം.ജി. കോളേജിലായിരുന്നു സന്തോഷ് പഠിച്ചത്. അതേ ബാച്ചിലായിരുന്നു മോഹൻലാലും. മോഹൻലാൽ കൊമേഴ്‌സും സന്തോഷ് മാത്തമാറ്റിക്‌സും ഡിപ്പാർട്ടുമെന്റുകളിലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മോഹൻലാൽ. മോദിയുടെ ജന്മദിനത്തിൽ ലാൽ ആശംസകർ അർപ്പിച്ചതും ഇതിന് മോദി നന്ദി പറഞ്ഞതും താരത്തിന്റെ രാഷ്ട്രീയ പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിലെത്തി താരം മോദിയെ സന്ദർശിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ പദ്മ പുരസ്‌ക്കാരങ്ങൾ നൽകി കേന്ദ്രസർക്കാർ ലാലിനെ ആദരിക്കുകയും ചെയ്‌തിരുന്നു.