indian-air-force-

ന്യൂഡൽഹി : ഹൂതിവിമതൻമാർക്കും സൗദിക്കുമിടയിലുള്ള പക യുദ്ധത്തിന്റെ തലത്തിലേക്ക് വളർന്നപ്പോൾ യമനിൽ നിന്നും ആയിരക്കണക്കിന് ഇന്ത്യക്കാരെ ഒഴിപ്പിക്കുവാൻ ഇന്ത്യൻ സർക്കാർ നടത്തിയ ദൗത്യം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ഏതു നിമിഷം വേണമെങ്കിലും യുദ്ധം പൊട്ടി പുറപ്പെടും എന്ന അവസ്ഥയിൽ ഒൻപത് പ്രാവശ്യം പൗരൻമാരെയും വഹിച്ച് ഇന്ത്യയിലേക്ക് പറന്നത് വ്യോമസേനയുടെ കരുത്തുറ്റ സി 17 ചരക്ക് വിമാനമായിരുന്നു. യുദ്ധമേഖലകളിലും അതിർത്തിയിലും സൈനികർക്കാവശ്യമായ സാധനങ്ങൾ വലിയ അളവിൽ വഹിക്കുന്ന വിമാനങ്ങളിൽ സീറ്റുകൾ ഘടിപ്പിച്ചാണ് ഇന്ത്യ അന്ന് രക്ഷാപ്രവർത്തനം നടത്തിയത്. വലിയ അളവിൽ ആളുകളെ ഒഴിപ്പിച്ച് എത്തിക്കുന്നതിന് ഇതല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല. ഒൻപത് പ്രാവശ്യമായി 3074 പേരെയാണ് ഇന്ത്യ രക്ഷപ്പെടുത്തി കൊണ്ടുവന്നത്. ഇതിൽ ഇന്ത്യൻ പൗരൻമാർ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളിലെ പൗരൻമാരെയും ഇന്ത്യ യെമനിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടു വന്നിരുന്നു. പൗരൻമാരെ രക്ഷപ്പെടുത്താനായി ഇന്ത്യയുടെ സഹായം തേടുവെന്ന് മറ്റുരാഷ്ട്രങ്ങൾ അവരുടെ എംബസികളോട് പറയുന്ന അവസ്ഥയിലെത്തിയിരുന്നു ഇന്ത്യയുടെ ധീരമായ ഇടപെടൽ അന്ന്.

indian-air-force-

ഇന്ന് ഓപ്പറേഷൻ റാഹത്തിന് സമാനമായ മറ്റൊരു ദൗത്യത്തിനായി തയ്യാറെടുത്തിരിക്കുകയാണ് വ്യോമസേനയുടെ സി-17 ചരക്ക് വിമാനങ്ങൾ. കൊറോണ ബാധ പടർന്ന് പിടിച്ച ചൈനയിലേക്കാണ് ഇന്ന് സി-17 ചരക്ക് വിമാനങ്ങൾ വ്യോമസേന ഏറ്റെടുത്ത ദൗത്യത്തിനായി പറക്കുന്നത്. ഇന്ത്യ ചൈനയ്ക്കായി വാഗ്ദ്ധാനം ചെയ്ത സഹായങ്ങൾ എത്തിക്കുന്നതിനൊപ്പം ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിക്കുക എന്നതാണ് ഇക്കുറി ഈ വിമാനങ്ങൾ ചെയ്യേണ്ടത്.

indian-air-force-

ഇന്ത്യൻ സേനയുടെ കൈവശമുള്ളതിൽ ഏറ്റവും വലുതും വിശ്വസ്തവുമാണ് സി-17 ചരക്ക് വിമാനങ്ങൾ. ചൈനയ്ക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളാണ് ഇന്ത്യയിൽ നിന്നും കൊണ്ടുപോകുന്നത്. എയർ ഇന്ത്യയുടെ യാത്രവിമാനങ്ങൾ ഉപയോഗിച്ച് രണ്ട് പ്രാവശ്യമായി 640 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു. ഇനിയും നൂറു കണക്കിന് ഇന്ത്യക്കാരാണ് കൊറോണ പടർന്ന് പിടിച്ച വുഹാൻ നഗരത്തിലുള്ളത്. ഇവരിൽ മടങ്ങി വരാൻ താത്പര്യമുള്ളവരെ ഇന്ന് തിരികെ എത്തിക്കും. ഇന്ത്യയിൽ എത്തുന്നവരെ സൈന്യം സജ്ജീകരിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലെത്തിച്ച് നിശ്ചിത ദിവസം നിരീക്ഷിച്ച ശേഷം അസ്വസ്ഥതകളൊന്നും ഇല്ലെന്ന് ബോധ്യമായ ശേഷമേ വീടുകളിൽ പോകുവാൻ അനുവദിക്കുകയുള്ളൂ.