ഹൈദരാബാദ്: പേര് ചേർക്കാൻ ഉപയോഗിച്ച രേഖകളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനും പൗരത്വം തെളിയിക്കുന്നതിനുമായി 127 പേർക്ക് നോട്ടീസയച്ച നടപടിക്കെതിരെ ഹൈദരാബാദ് എം.പി അസദുദ്ദീൻ ഒവൈസി രംഗത്ത്. തെലങ്കാന പൊലീസിനെതിരെയും യു.ഐ.ഡി.എ.ഐക്കെതിരെയുമാണ് അസദുദ്ദീൻ ഒവൈസിയുടെ വിമർശനം. നിങ്ങൾ നോട്ടീസയച്ച 127പേരിൽ എത്രപേർ ദളിതരും മുസ്ലീമുകളുമാണെന്ന് അസദുദ്ദീൻ ഒവൈസി ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
'ആധാർ അതോറിറ്റി അവരുടെ അധികാരം ദുരുപയോഗം ചെയ്യുകയാണ്, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചല്ല അവർ പ്രവർത്തിക്കുന്നത്. നോട്ടീസയച്ച 127 പേരിൽ എത്ര പേർ ദളിതരും മുസ്ലീമുകളുമാണെന്ന് തെലങ്കാന പൊലീസ് പറയണം. പരിശോധനസമയത്ത് പൊലീസ് അധാർ കാർഡ് ചോദിക്കുന്നത് നിറുത്തലാക്കണം. നിങ്ങൾക്ക് അതിനുള്ള നിയമപരമായ അവകാശമില്ല.- ഒവൈസി ട്വീറ്റിൽ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ, ഹൈദരാബാദിലെ 127 പേർ അനധികൃത കുടിയേറ്റക്കാരാണെന്നും അവർക്ക് ആധാർ നമ്പർ നേടാൻ ഒരു യോഗ്യതയുമില്ലെന്ന് കണ്ടെത്തിയതായി യു.ഐ.ഡി.എ.ഐ അറിയിച്ചിരുന്നു. ഇവർ വ്യാജരേഖകൾ സമർപ്പിച്ചാണ് ആധാർ കൈവശപ്പെടുത്തിയതെന്ന തെലങ്കാന പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യു.ഐ.ഡി.എ.ഐ ഇവർക്ക് നോട്ടീസ് അയച്ചത്. ഇവർ ഹാജരായതിന് ശേഷം കൃത്യമായ രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം. നിങ്ങൾ ഇന്ത്യൻ പൗരനല്ലെങ്കിൽ എവിടെ നിന്നാണ് നിങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിയതെന്ന് പറയാനും അതോടെ താമസത്തിന് സാധ്യതയുണ്ടാകുമെന്നും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. ആധാർ റെഗുലേഷൻസ് ആക്ട് 2016ലെ റൂൾ 30 പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.