trump

വാഷിംഗ്ടൺ: ഇന്ത്യയുമായി വിശാലമായ വ്യാപാര കരാറാണ് ലക്ഷ്യമിടുന്നതെന്നും എന്നാൽ, നവംബറിലെ യു.എസ് തിരഞ്ഞെടുപ്പിന് മുൻപ് അങ്ങനെയൊന്ന് ഉണ്ടാകുമോയെന്ന് ഉറപ്പില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഇന്ത്യ സന്ദർശനം പ്രമാണിച്ച് ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിൽ ഏർപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, കരാറിന്റെ ഭാഗമാക്കാൻ കൂടുതൽ നിർദ്ദേശങ്ങളും ഇനങ്ങളും അമേരിക്ക മുന്നോട്ടുവച്ചതും ഇന്ത്യയുടെ നിർദ്ദേശങ്ങളിൽ പലതും അമേരിക്ക അംഗീകരിക്കാൻ തയ്യാറാകാത്തതുമാണ് വ്യാപാരക്കരാറിന് തടസമായതെന്നാണ് അഭ്യൂഹം.

ഇന്ത്യയുമായി വലിയ വ്യാപാര കരാറിലെത്താൻ യു.എസ് ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴില്ലെങ്കിലും ഭാവിയിൽ അത് സംഭവിക്കുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു - ട്രംപ് പറഞ്ഞു. വ്യാപാര കാര്യങ്ങളിലുൾപ്പെടെ ഇന്ത്യയുമായി അതൃപ്‍തിയുണ്ടെങ്കിലും നരേന്ദ്ര മോദിയോടുള്ള താത്പര്യം കാരണം ആവേശത്തോടെയാണ് ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളുടെ യു.എസ് പ്രതിനിധിയായ റോബർട്ട് ലൈറ്റ്ഹൈസർ ട്രംപിനൊപ്പം ഇന്ത്യയിലെത്തില്ലെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വ്യാപാര കരാറിന് സാദ്ധ്യതയില്ലെന്നതിനാലാണ് റോബർട്ട് ഇന്ത്യയിലേക്ക് വരാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.

മോടേര ട്രംപ് ഉദ്ഘാടനം ചെയ്തേക്കില്ല

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഗുജറാത്തിലെ മൊടേര ട്രംപ് ഉദ്ഘാടനം ചെയ്തേക്കില്ലെന്ന് അഹമ്മദാബാദ് ടൈംസ് റിപ്പോർട്ട് ചെയ്തു. ട്രംപ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്ന് ഒൗദ്യോഗികമായി സർക്കാർ വൃത്തങ്ങൾ പറഞ്ഞിട്ടില്ലെന്നും അത് ഒരു കിംവദന്തി മാത്രമാണെന്നും ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥൻ പറയുന്നു. എന്നിരുന്നാലും, ഹൗഡി മോദിക്ക് സമാനമായ മെഗാ ഇവന്റായിരിക്കും സ്റ്റേഡിയത്തിൽ നടക്കുകയെന്നും മൊടേര ഇന്ത്യക്കാരുടെ സ്വകാര്യ അഭിമാനമായതിനാൽ ഒരു ഇന്ത്യക്കാരനായിരിക്കും ഉദ്ഘാടനം നിർവഹിക്കുകയെന്നും റിപ്പോർട്ടിലുണ്ട്.