malalyalam

ഓരോ തവണയും അലോന എന്നെ ഞെട്ടിച്ചുകൊണ്ടിരുന്നു. അടുക്കളയിൽ എന്റെ ഭാര്യയോട് അലോന ചോദിക്കുന്നതു കേട്ടിട്ടുണ്ട്,​ ചേച്ചീ മത്തിക്കറി എങ്ങനെയാ ഉണ്ടാക്കുന്നതെന്ന്. ചിലപ്പോൾ എന്നോടു പറയും: പത്രത്തിൽ ചേട്ടന്റെ ലേഖനം കണ്ടല്ലോ എന്ന്. എന്റെ സുഹൃത്ത് ഡോ. മനോജിന്റെ കൈപിടിച്ച് തൃശ്ശൂരേക്കു വന്ന റഷ്യക്കാരിയായ അലോന എത്ര പെട്ടെന്ന് മലയാളം പഠിച്ചെന്ന് ഞാൻ ഇടയ്‌ക്ക് അദ്ഭുതത്തോടെ ഓർക്കും. തൃശ്ശൂര് ജീവിക്കണമല്ലോ എന്നാണ് അലോന അതിനു പറയുന്ന ന്യായം. ലോകത്ത് നമ്മൾ മാത്രമായിരിക്കും ഇവിടെ ജീവിക്കണമെന്നു വിചാരമില്ലാതെ മലയാളം ഒഴികെ മറ്റെന്തും പഠിക്കുന്നത്.

ഡോക്ടറായ അലോന നല്ല ചിത്രകാരിയാണ്. ലളിതകലാ അക്കാഡമിയിലേക്ക് അലോന ചിലപ്പോൾ ഓട്ടോ പിടിക്കും. ഡ്രൈവർ മൊബൈലിൽ കൂട്ടുകാരനോട് കമന്റ് പറയുന്നുണ്ടാകും,​ ഡാ ബെസ്റ്റൊരു മദാമ്മ കേറീട്ട്ണ്ട് ട്ടാ! അടുത്ത ജംഗ്ഷനിൽ അലോന പറയും,​ ചേട്ടാ... ആ ലെഫ്റ്റിലെ കടേല് ഒന്ന് നിർത്തിക്കോ ട്ടാ... മദാമ്മയുടെ തനിമലയാളത്തിൽ ഓട്ടോക്കാരൻ തരിപ്പണം! മലയാളി മൂന്നു ഭാഷ പഠിക്കണമെന്നാണ് കുഞ്ഞുണ്ണി മാഷ് പറഞ്ഞത്- മാതൃഭാഷ, ദേശീയഭാഷ, ലോകഭാഷ. ആദ്യം പഠിക്കേണ്ട മാതൃഭാഷയ്‌ക്കു പകരം മുറി ഹിന്ദിയും മുറി ഇംഗ്ളീഷും കൊണ്ട് നമ്മൾ കാര്യം നടത്തും. മലയാളം പഠിക്കില്ലെന്നു മാത്രമല്ല, മക്കളെ പഠിപ്പിക്കുകയുമില്ല.

എനിക്ക് മൂന്ന് ആൺകുട്ടികളാണ്. അടുപ്പമുള്ളവർ പണ്ട് പറയുമായിരുന്നു- സത്യാ,​ കുട്ടികളെ ഊട്ടിയിലോ മറ്റോ അയച്ച് പഠിപ്പിക്ക്... ഇപ്പോൾ നിനക്ക് അതു പറ്റുമല്ലോ എന്ന്.കൊള്ളാവുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളിൽ കുട്ടികളെ പഠിപ്പിക്കാൻ എറണാകുളത്തേക്ക് താമസം മാറ്റിക്കൂടേ എന്ന് സ്നേഹത്തോടെ ചിലർ ചോദിച്ചു. ഞാൻ അക്ഷരം പഠിച്ചത് അന്തിക്കാട് ഗവ. എൽ.പി. സ്കൂളിലെ ബെഞ്ചിലിരുന്നാണ്. കളിച്ചത് ആ സ്കൂളിന്റെ തണലിലാണ്. കാക്കയോടും പൂച്ചയോടും കിളികളോടും വർത്തമാനം പറഞ്ഞു നടന്നത് അന്തിക്കാട്ടെ വഴികളിലൂടെയാണ്. മക്കളും അവിടെ പഠിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു. എന്തായാലും അവിടെയാണ് പഠിച്ചതെന്ന കാരണംകൊണ്ട് അവർ ചീത്തയായിപ്പോയിട്ടില്ല. മകൻ അനൂപ് വരനെ ആവശ്യമുണ്ട് എന്ന സിനിമ സംവിധാനം ചെയ്തു. ഇപ്പോൾ അഖിൽ അവന്റെ തന്നെ തിരക്കഥയിൽ ഫഹദ് ഫാസിലിനെ വച്ച് സിനിമ ചെയ്യുന്നു.

തമിഴ്നാടുമായി ഇത്രയടുത്ത് കിടന്നിട്ടും മാതൃഭാഷയോട് അവർക്കുള്ള സ്നേഹം നമുക്ക് കിട്ടാതെപോയത് എന്തെന്നു തോന്നാറുണ്ട്. മണിരത്നം സിനിമകളുടെ ടൈറ്റിൽസ് കണ്ടിട്ടില്ലേ- തമിഴിൽത്തന്നെ ആയിരിക്കും എല്ലാം. നമുക്ക് പുതിയ സംവിധായകരിൽ പലരുടെയും പേര് മനസ്സിൽ നിൽക്കാത്തത്,​ പോസ്റ്ററിലും ടൈറ്റിലിലും ആ പേരുകൾ മാതൃഭാഷയിൽ മനസ്സിൽ പതിയാത്തതുകൊണ്ടാണ്. ഐ.വി.ശശി, ഹരിഹരൻ, എം.ടി. വാസുദേവൻ നായ‌ർ എന്നൊക്കെ സ്ക്രീനിൽ വലിയ അക്ഷരങ്ങളിൽ കണ്ടു ശീലിച്ചവരാണ് നമ്മൾ. ഇപ്പോൾ സിനിമകളുടെ പേരും ടൈറ്റിൽ കാർഡും മാത്രമല്ല, പോസ്റ്ററുകളിൽ സിനിമാപ്പേരു പോലും ഇംഗ്ളീഷ് അക്ഷരങ്ങളിലായി. സിനിമ സംസാരിക്കുന്നതാകട്ടെ, മലയാളത്തിലും.

എന്റെ അടുത്ത സുഹൃത്തായിരുന്നു ലോഹിതദാസ്. ലോഹിയുടെ ഭൂതക്കണ്ണാടി ഡൽഹി ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുമ്പോൾ കൂടെ ഞാനുമുണ്ടായിരുന്നു. പ്രദർശനം കഴിഞ്ഞ് സംവിധായകന്റെ പ്രസ് മീറ്റ് ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. ലോഹി ഭയങ്കര നിർബന്ധം: പ്രസ് മീറ്റ് വേണ്ട! എന്തിനാ അങ്ങനെ പറഞ്ഞതെന്ന് ഞാൻ രഹസ്യമായി ചോദിച്ചു. ഇംഗ്ളീഷ് അറിയാമെങ്കിലും,​ അവിടത്തെ പത്രക്കാരുടെ ചോദ്യങ്ങൾക്ക് അത്ര ഒഴുക്കോടെ ഇംഗ്ളീഷിൽ മറുപടി പറയാൻ എനിക്കു പറ്റില്ലെടോ എന്നായിരുന്നു മറുപടി. ഒരു ട്രാൻസ്‌ലേറ്ററെ വച്ചാൽ തീരുന്ന കാര്യമാണ്. ഞാൻ ലോഹിയെ വിട്ടില്ല. ഒരു മലയാളം ട്രാൻസലേറ്ററെ വേണമെന്ന് സംഘാടകരോടു പറഞ്ഞു. ചോദ്യങ്ങൾക്ക് ലോഹി നല്ല മലയാളത്തിൽ മറുപടി പറഞ്ഞു. വിവർത്തകൻ അത് ഇംഗ്ളീഷിലാക്കി പത്രലേഖകരോടു പറഞ്ഞു. ഇത്രയേയുള്ളൂ.

ഫിലിം ഫെസ്റ്റിവലുകളിൽ ലോകത്തെ അമ്പരപ്പിക്കുന്ന ചിത്രങ്ങളുമായി വരുന്ന എത്രയോ സംവിധായകർക്ക് ഇംഗ്ളീഷ് വശമില്ല. ഫ്രഞ്ച്,​ ജപ്പാൻ,​ കൊറിയ,​ ഇറാൻ... അവിടത്തെ സംവിധായകർ അന്തസ്സോടെ സ്വന്തം ഭാഷയിൽ സംസാരിക്കുന്നു. മലയാളത്തിൽ എത്രയോ ആരാധകരുള്ള കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ മറുപടികൾ മാതൃഭാഷയിലാണ്. അറിയാവുന്നത് മാതൃഭാഷയാണെന്നതു കൊണ്ട് അദ്ദേഹത്തിന് ഒരു വിഷമവുമില്ല,​ സങ്കോചവുമില്ല. പ്രാദേശിക ഭാഷകളുടെ മൂല്യം കുറച്ചു കാണുന്നത് നമ്മൾ മാത്രമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. നമുക്ക് ആരാധന അറിയാത്തതിനോടാണ്. അതു പഠിച്ചാൽ മിടുക്കരായി. നമ്മുടെ മൂഢവിശ്വാസമാണ് അത്.

ഛത്തിസ്ഗഢിലെ ഭിലായിയിൽ എന്റെയൊരു മലയാളി സുഹൃത്തും കുടുംബവുമുണ്ട്. അദ്ദേഹവും ഭാര്യയും കൊച്ചുമകളുമാണ് അവിടെ. കൊച്ചുമകൾ ബാംഗ്ളൂരിൽ പഠിക്കുകയാണ്. ഞാൻ ചെല്ലമ്പോൾ ആ കുട്ടി വീട്ടിലുണ്ട്. മലയാളം തീരെ അറിയില്ല. സുഹൃത്തിന്റെ ഭാര്യയാകട്ടെ,​ മോളേ... ഡ്രിങ്ക് മിൽക്,​ ഗോ ടു ബാത്ത്റൂം... എന്നൊക്കെ പറഞ്ഞൊപ്പിക്കാൻ കഷ്ടപ്പെടുന്നുണ്ട്. ഞാൻ ആ കുട്ടിയോടു പറഞ്ഞു: നിനക്ക് ഇപ്പോൾ ഒരു ഭാഷ കൂടി പഠിക്കാൻ പറ്റും,​ ശ്രമിച്ചു നോക്ക്. ഐ കാൻ അണ്ടർസ്റ്റാൻഡ് എന്നു പറഞ്ഞ് അവൾ സമ്മതിച്ചു. ഇനി കൊച്ചുമകളോട് മലയാളത്തിൽ മാത്രമെ സംസാരിക്കാവൂ എന്ന് സുഹൃത്തിനോടും ഭാര്യയോടും പറഞ്ഞു. നാലാം ദിവസം ആ പെൺകുട്ടി മലയാളം വാക്കുകൾ പഠിച്ച് പറഞ്ഞു തുടങ്ങി. നിങ്ങൾക്ക് എത്ര ഭാഷ അറിയാവുന്നതും നല്ലത്. പക്ഷെ,​ വീട്ടിൽ മലയാളം മാത്രമെ സംസാരിക്കാവൂ. കുട്ടികളല്ല,​ നമ്മളാണ് ശ്രദ്ധിക്കേണ്ടത്.

മക്കളുടെ പഠിപ്പുകാലത്ത് അവരുടെ കൈയിൽ ഖസാക്കിന്റെ ഇതിഹാസവും സ്മാരകശിലകളും മാധവിക്കുട്ടിയുടെ കഥകളും കണ്ട് ഞാൻ സന്തോഷിച്ചിട്ടുണ്ട്. കേരളത്തിലെ പഠിത്തം കഴിഞ്ഞ് ഉപരിപഠനത്തിനും ജോലിക്കും മറ്റുമായി അവർ അഹമ്മദാബാദിലേക്കും ബാംഗ്ളൂരിലേക്കുമൊക്കെ പോയി. മൂത്ത മകൻ എം.ബി.എയ്‌ക്കു ചേർന്നത് എറണാകുളം രാജഗിരി കോളേജിലാണ്. എല്ലാം ഇംഗ്ളീഷ് മീഡിയം കുട്ടികൾ. ആദ്യദിവസം വൈകിട്ട് അവൻ വന്നു പറഞ്ഞു,​ അച്ഛാ ഞാൻ വല്ലാതെ സ്ട്രഗിൾ ചെയ്യുകയാണെന്ന്. രണ്ടുമൂന്നു മാസത്തിനുള്ളിൽ അവൻ അതു മാനേജ് ചെയ്യുമെന്നു കൂടി പറ‍ഞ്ഞപ്പോൾ മനസ്സിലായി,​ മലയാളത്തോട് അവന് പിണക്കം തോന്നിയിട്ടില്ലെന്ന്.

മാതൃഭാഷയോട് അടുപ്പം തോന്നണമെങ്കിൽ അത് അക്ഷരം കൊണ്ട് പറഞ്ഞാൽ പോരാ,​ ആത്മാവിൽ ഉൾക്കൊള്ളണം. മലയാളത്തോട് അത്തരമൊരു അടുപ്പം ഇല്ലാതെ പോകുന്നതിനു കാരണം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ശീലമാകാം. അതു മാറണം. ഫ്രാൻസിലും ലണ്ടനിലുമൊക്കെ തെരുവുകളിൽ പരസ്പരം നാട്ടുഭാഷയിൽ സംസാരിച്ചു നടക്കുന്ന മലയാളികളെ ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴാണ് ശരിക്കും,​ നമ്മുടേത് എന്ന വികാരം മനസിലറിയുന്നത്. ഏതു മനുഷ്യന്റെയുള്ളിലുമുണ്ട്,​ എന്റേത്,​ എന്റെ സ്വന്തം എന്നൊരു തിരിച്ചറിയൽ. അത് സങ്കുചിതത്വമല്ല. അതാണ് ശരിക്കുമുള്ള തിരിച്ചറിവ്.