hc

കൊച്ചി: പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാർ അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും,​ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തൃശ്ശൂർ മലയാളവേദി സംസ്ഥാന പ്രസിഡൻറ് ജോർജ് വട്ടുകുളം നൽകിയ ഹർജിയാണ് തള്ളിയത്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു ഹർജികൂടെ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, വെടിയുണ്ടകൾ കാണാതായ സംഭവം ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്, പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും പർച്ചേസിൽ ഉൾപ്പെടെ ഭീമമായ ക്രമക്കേടുകൾ നടന്നെന്നുമായിരുന്നു നേരത്തെ പുറത്ത് വന്ന സി.എ.ജി റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.