gold

കൊച്ചി: കേരളത്തിൽ സ്വർണവില പവന് ഇന്നലെ 280 രൂപ വർദ്ധിച്ച് പുതിയ ഉയരമായ 30,680 രൂപയിലെത്തി. 35 രൂപ ഉയർന്ന് 3,835 രൂപയാണ് ഗ്രാം വില. ഈമാസം ഇതുവരെ പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കൂടി. 2020ൽ ഇതുവരെ പവന് 1,680 രൂപയും ഗ്രാമിന് 200 രൂപയുമാണ് കൂടിയത്.

ആഗോളതലത്തിൽ ആശങ്ക വിതയ്ക്കുന്ന കൊറോണ വൈറസാണ് സ്വർണവില കുതിപ്പിന്റെ മുഖ്യകാരണം. ചൈനീസ് സമ്പദ്‌വ്യവസ്ഥയെ കൊറോണ നിശ്‌ചലമാക്കിയത്, ആഗോളതലത്തിൽ ഓഹരി - കടപ്പത്ര വിപണികളെ തളർത്തുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറുന്നതാണ് വിലക്കുതിപ്പുണ്ടാക്കുന്നത്.

$1600

കഴിഞ്ഞവാരം ഔൺസിന് 1,570 ഡോളർ വിലയുണ്ടായിരുന്ന രാജ്യാന്തര സ്വർണവില ഇന്നലെ 1,608 ഡോളർ വരെ ഉയർന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും വില കൂടാനാണ് സാദ്ധ്യത.

₹42,339

ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ വില പത്തു ഗ്രാമിന് 462 രൂപ വർദ്ധിച്ച് 42,339 രൂപയിലെത്തി. ഇത് റെക്കാഡാണ്.

പൊന്ന് പിന്നിട്ട

വഴികൾ

(വില കഴിഞ്ഞകാലങ്ങളിൽ)

2020 : ₹30,680

2019 : ₹23,720

2015 : ₹19,760

2010: ₹12,280

2005 : ₹4,550

2000 : ₹3,212

1990 : ₹2,493

1975 : ₹396

1950 : ₹72.75

1935 : ₹13.75

വില്ക്കാനാളുണ്ട് !

സ്വർണം വാങ്ങുന്നതിനേക്കാൾ വില്ക്കാനുള്ള ഉപഭോക്താക്കളാണ് ഇപ്പോൾ കൂടുതലെന്ന് വ്യാപാരികൾ പറയുന്നു. വിവാഹ സീസൺ അല്ലാത്തതും വാങ്ങൽ ട്രെൻഡിനെ ബാധിച്ചു. വിറ്റാൽ, കൂടുതൽ വില കിട്ടുമെന്നതിനാൽ കൈവശമുള്ള സ്വർണം വിറ്റൊഴിയുന്നവരുടെ തിരക്കാണിപ്പോൾ കടകളിൽ.