കേരളത്തിന്റെ ഇച്ഛാ ശക്തിയുടെയും കാഴ്ചപ്പാടിന്റെയും കാര്യത്തിൽ ഉണ്ടായ അനുകൂല മാറ്റത്തിന്റെ വിജയം തന്നെയാണ് ഗെയിൽ വാതക പൈപ്പ് ലൈൻ രണ്ടാം ഘട്ടം നിശ്ചയിച്ച സമയത്ത് തന്നെ കമ്മീഷനിംഗിലേക്കു അടുക്കാൻ കാരണം. മംഗലപുരം മുതൽ കൊച്ചി വരെയുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിൽ ഓരോ ദിവസവും പ്രശ്നങ്ങൾ തന്നെയായിരുന്നു സർക്കാരിനും ഗെയിൽ അധികൃതർക്കും മുന്നിൽ. രാഷ്ട്രീയപരമായ വാശികളും നിർബന്ധ ബുദ്ധിയും ഭൂമാഫിയയുടെ ലാഭക്കൊതിയും അനധികൃത ഇടപെടലുകളും ഭരണകൂടത്തിന്റെ നിലപാടുകളെ തന്നെ പദ്ധതിക്ക് പ്രതികൂലമായി മാറ്റുന്ന നിലപാടായിരുന്നു ഒരുകാലത്ത്.
വൈദ്യുതി ഗ്രിഡ് മാതൃകയിൽ രാജ്യമൊട്ടാകെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ഒരുക്കുന്ന വാതക പൈപ്പ് ലൈൻ സംവിധാനമാണിത്. 440 കി മീ ദൈർഘ്യത്തിലാണ് കൊച്ചി മുതൽ മംഗലപുരം വരെ പദ്ധതി കമ്മീഷൻ ചെയ്യുക. കൊച്ചിയിലെ മുഖ്യ ടെർമിനലിൽ നിന്നും കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലെ വ്യവസായങ്ങൾക്ക് ആവശ്യമായ വാതക ഇന്ധനം എൽ എൻ ജി പൈപ്പുകൾ വഴി വിതരണം ചെയ്യും . ഇതേ പൈപ്പ് ലൈൻ വഴി വീടുകളിലേക്കും പ്രകൃതി വാതകം എത്തും. കൊച്ചിയിലെ ഫാക്ട് ആകും ആദ്യ ഉപഭോക്താവ്. പൈപ്പ് ലൈൻ പദ്ധതിക്കായി 2007 ലാണ് കേരളം ഗെയ്ലുമായി കരാറിൽ ഏർപ്പെടുന്നത്. 2010 ൽ പുതു വൈപ്പിനിൽ നിന്നും അമ്പലമുകളിലേക്കുള്ള ആദ്യ പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായി . 2013 ൽ തന്നെ ആദ്യ പദ്ധതി കമ്മീഷൻ ചെയ്യാനായി. 2012 ലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം തുടക്കമിടുന്നത്. കൊച്ചി മംഗലാപുരം. കൊച്ചി കോയമ്പത്തൂർ ബംഗളൂരു പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അനുമതിയും ലഭിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ കാസർകോട് ഇനീ ജില്ലകളിലൂടെയാണ് പൈപ്പ്‌ലൈൻ കടന്നു പോകുന്നത്. അന്നത്തെ യു.ഡി.എഫ് സർക്കാർ ഗെയ്ലിന് വേണ്ട ഭൂമി ഏറ്റെടുത്തു നൽകാൻ ജനകീയ പ്രക്ഷോഭങ്ങളുടെ മറ പിടിച്ചു വിമുഖത കാട്ടി. ഇതോടെ 2014 ആഗസ്റ്റിൽ മുഴുവൻ കരാറുകളും ഉപേക്ഷിച്ചു ഗെയിൽ കേരളം വിട്ടു. പിനീട് വന്ന എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് എതിർപ്പുകളെ അവഗണിച്ചു ഗെയ്ലിന് പദ്ധതി തുടർ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നത്. സർക്കാരിന്റെ ആയിരം ദിനങ്ങൾക്കിടെ തന്നെ പദ്ധതിക്ക് വേണ്ട 440 ൽ 380 കിലോമീറ്റർ സ്ഥലവും ഏറ്റെടുത്തു നൽകാനായി. കൊച്ചി മുതൽ പാലക്കാടു വരെയുള്ള 97 കി മീ 2019 ജൂണിൽ കമ്മീഷൻ ചെയ്തു.
വിളകൾക്കും നാശനഷ്ടങ്ങൾക്കുമായി 250 കോടിയും ഉപയോഗാവകാശം ഏറ്റെടുത്ത ഭൂമിക്കായി 33.32 കോടിയും വിതരണം ചെയ്തു. നെൽ വയലുകൾക്കു നഷ്ടപരിഹാരമായി സെന്റൊന്നിന് 3761 രൂപയും വിതരണം ചെയ്തു .
പരിസ്ഥിതിക്ക് ഇണങ്ങുന്ന പ്രകൃതി വാതകം ചെലവ് കുറഞ്ഞ രീതിയിൽ ലഭിക്കും എന്നതാണ് കേരളത്തെ ഗെയിൽ പദ്ധതിയിലേക്ക് ആകർഷിച്ചത്. വീടുകളിലേക്ക് നേരിട്ട് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് എത്തും. കുറഞ്ഞ നിരക്കിൽ സ്റ്റേഷനുകൾ വഴി കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് സി എൻ ജിയും എത്തും. നിലവിൽ ലഭ്യമാകുന്ന സബ്സിഡി സിലണ്ടറിനേക്കാൾ കുറഞ്ഞ നിരക്കിൽ പാചകവാതകം ലഭ്യമാകും എന്നതാണ് ഗാർഹിക ഉപഭോക്താക്കൾക്കുള്ള ഏറ്റവും വലിയ നേട്ടം. സി എൻ ജി ഉപയോഗിക്കുന്നതിനാൽ മറ്റു ഇന്ധനങ്ങൾ അപേക്ഷിച്ചു 25 % ആകും കുറയുക. നിരത്തുകളിൽ നിന്നും ടാങ്കർ ലോറികൾ വഴിമാറുന്നതോടെ രാത്രികാലങ്ങളിൽ പൊതുജനങ്ങൾക്ക് റോഡ് ഗതാഗതം കൂടുതൽ സുരക്ഷിതമാകും. അടിക്കടിയുണ്ടാകുന്ന എൽ പി ജി ക്ഷാമത്തിനും പരിഹാരമാകും. എൽ പി ജി ഇന്ധനമായി ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കും ഇത്തരത്തിൽ ഇന്ധനച്ചിലവ് കുറച്ചു കൊണ്ട് വരാനാകും.
മംഗലാപുരം കൊച്ചി പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ തലസ്ഥാനം വരെയുള്ള പ്രകൃതി വാതക നീക്കം കൂടുതൽ സുഗമമാകുമെന്നാണ് കണക്കുകൂട്ടൽ. ഭാവി ഇന്ധനങ്ങളായ സി എൻ ജിയും എൽ എൻ ജി യും തിരുവനന്തപുറം വരെയെത്തും,. കൊച്ചിയിൽ നിന്നും എൽ പി ജി ടാങ്കറുകളിൽ തിരുവനന്തപുറത്തെത്തിച്ചു വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുക ഇന്ത്യൻ ഓയിൽ കോർപറേഷന് ആകും.