തെലങ്കാന : വീട്ടുമുറ്റത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആറടി പൊക്കമുള്ള വിഗ്രഹം, പൂക്കളർപ്പിച്ച് വിളക്കുകൊളുത്തി ദിനവും പൂജ, ട്രംപിന്റെ ആയുരാരോഗ്യത്തിനായി വെള്ളിയാഴ്ചതോറും വ്രതം, ഇതൊന്നും പോരാഞ്ഞിട്ട് വീടിന്റെ ചുവരിലും ധരിക്കുന്ന വസ്ത്രത്തിലും ബാഗിലുമൊക്കെ ട്രംപിന്റെ പേരെഴുതിയിരിക്കുന്നു, പഴ്സിലും ഫോണിലുമൊക്കെ ട്രംപിന്റെ ചിത്രം പതിപ്പിച്ചു, എന്തു ചെയ്യുന്നതിന് മുമ്പും ട്രംപിനോട് പ്രാർത്ഥിച്ച് അനുഗ്രഹം തേടും...
ട്രംപിനെ കൺകണ്ട ദൈവമായി ആരാധിക്കുന്ന തെലങ്കാന സ്വദേശി ബുസ കൃഷ്ണയുടെ (33) ദിനചര്യകളാണിത്.
ഊണിലും ഉറക്കത്തിലും ബുസ ജപിക്കുന്നത് ഒരേയൊരു മന്ത്രം.
ജയ് ജയ് ട്രംപ്...
ഐ ലവ് യു ട്രംപ്...'
തെലങ്കാന കൊന്നൈയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് ബുസ. ഗ്രാമത്തിലെ വീട്ടിൽ ഒറ്റയ്ക്ക് താമസം. ട്രംപിനോട് മാത്രമാണ് കടുത്ത ഭക്തി. അതിന്റെ കാരണം ഇങ്ങനെ-
നാല് വർഷം മുമ്പ് ബുസയുടെ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടു. ഇതോടെ ട്രംപിനോട് കടുത്ത ആരാധനയായി. പിന്നീടത് ഭക്തിയായി. ഒന്നരമാസം കൊണ്ട് ബുസ കൃഷ്ണ ട്രംപിന്റെ ആറടി പൊക്കമുള്ള പ്രതിമയുണ്ടാക്കി. ഇപ്പോൾ പ്രതിമയിൽ പൂജ കഴിഞ്ഞേ എവിടേക്കെങ്കിലും ഇറങ്ങൂ. ഭക്തി മൂത്തപ്പോൾ നാട്ടുകാർ ബുസയെ 'ട്രംപ് കൃഷ്ണ" എന്ന് വിളിച്ചുതുടങ്ങി. ബുസയാകട്ടെ, വീട്ടുപേര് 'ട്രംപ് ഹൗസ്' എന്നു മാറ്റി. ആദ്യമൊക്കെ കളിയാക്കിയ നാട്ടുകാർ, ഇപ്പോൾ ബുസ ട്രംപിന് പൂജ ചെയ്യുമ്പോൾ ഒപ്പം ചേരാറുണ്ട്.
'ഇന്ത്യ-അമേരിക്ക ബന്ധം എന്നെന്നും ശക്തമായിരിക്കണം. ട്രംപിന്റെ ദീർഘായുസിന് വേണ്ടി എല്ലാ വെള്ളിയാഴ്ചയും ഞാൻ വ്രതം അനുഷ്ഠിക്കുന്നുണ്ട്.' ബുസ പറയുന്നു.
ഒറ്റ ആഗ്രഹമേ ബുസയ്ക്കുള്ളൂ. ആരാധനാമൂർത്തിയെ നേരിൽ കാണണം. ഇതിനായി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. ബുസയുടെ ആഗ്രഹം സാക്ഷാത്കരിക്കുമോ എന്ന ആകാംഷയിലാണ് നാട്ടുകാർ.
24ന് ഡോണാൾഡ് ട്രംപ് ഭാര്യ മെലാനിയയ്ക്കൊപ്പം ഇന്ത്യയിൽ എത്തും. തന്റെ ‘ദൈവത്തിന്റെ’ വരവിനായി കാത്തിരിക്കുകയാണ് ബുസ.