sharanya

തയ്യിൽ: കണ്ണൂരിൽ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നിട്ട് അധികം ദിവസം ആയിട്ടില്ല. അമ്മമാർ കൂട്ടുനിന്നതോ പങ്കാളികൾ ആയതോ ആയ ശിശുക്കളുടെ മരണങ്ങളിൽ ഒടുവിലത്തേത് ആണ് ഏതാനും ദിവസം മുൻപ് കണ്ണൂരിലെ തയ്യിൽ കടപ്പുറത്ത് ഉണ്ടായ പ്രണവ്, ശരണ്യ ദമ്പതികളുടെ മകനായ വിയാന്റെ കൊലപാതകം. കാമുകനോടൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു ശരണ്യ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ തയാറായതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് അവതാരകയും റേഡിയോ ജോക്കിയും ബ്ലോഗറുമായ അശ്വതി ശ്രീകാന്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. 'പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിർത്താറായി...! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല...!!' എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അശ്വതി പ്രതികരിച്ചിരിക്കുന്നത്. നിരവധി സ്ത്രീകളും കൊലപാതകി ശരണ്യയുടെ ഈ ചെയ്തിയിൽ പ്രതികരിച്ചുകൊണ്ട് സോഷ്യൽ മീഡിയ വഴി രംഗത്ത് വന്നിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് തയ്യിൽ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയിൽ കാണപ്പെട്ടത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടിൽ വരാറുള്ളത്.

ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു. ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ വായ് കൈകൾ കൊണ്ട് പൊത്തിവച്ചു. കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.