malayalam

സാക്ഷരതാ മിഷന്റെ ചങ്ങാതി പരീക്ഷയിൽ നൂറിൽ നൂറ് മാർക്കും നേടി ബീഹാറി സ്വദേശിയായ സ്ത്രീ. പരീക്ഷയിൽ മികച്ച വിജയം നേടാൻ മാത്രമല്ല, മലയാളം മികച്ച രീതിയിൽ സംസാരിക്കാനും റോമിയ ഖാനൂൻ എന്ന ഈ മിടുക്കിക്ക് സാധിക്കും. മലയാളം, കണക്ക് എന്നീ വിഷയങ്ങളെയായിരുന്നു റോമിയയ്ക്ക് പരീക്ഷയിലൂടെ നേരിടേണ്ടിയിരുന്നത്. രണ്ടിനും ഫുൾ മാർക്ക് തന്നെ റോമിയ നേടുക തന്നെ ചെയ്തു.

മലയാളം അക്ഷരങ്ങൾ കൂട്ടിവായിക്കാൻ റോമിയ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും സംസാരിക്കാൻ യാതൊരു കുഴപ്പവുമില്ല. സംസാരത്തോടൊപ്പവും പാട്ട് പാടാനും റോമിയയ്ക്ക് സാധിക്കും. 'പശുവമ്മ വാല് ആട്ടും, പശുവമ്മ പുല്ല് തിന്നും' എന്ന വാചകങ്ങളൊക്കെ ഈ പെൺകുട്ടി വളരെ അനായാസമായാണ് പാടി പറയുന്നത്. ബീഹാർ കാട്യഹാർ ജില്ലക്കാരിയായ റോമിയ കഴിഞ്ഞ ഏഴ് വർഷമായി കൊല്ലത്താണ് താമസിക്കുന്നത്.

തന്റെ രണ്ട് കുട്ടികളെയും സ്‌കൂളിൽ ചേർത്തതോടെയാണ് മലയാള ഭാഷ അറിയാത്തതിന്റെ ബുദ്ധിമുട്ട് റോമിയ ശരിക്കും മനസിലാക്കുന്നത്. കുട്ടികളുടെ ഡയറിയിൽ ടീച്ചർമാർ എഴുതി കൊടുത്തുവിടുന്ന കാര്യങ്ങൾ മനസിലാകാതെ വന്നതോടെയാണ് റോമിയ മലയാളം പഠിക്കാൻ തീരുമാനിച്ചത്. സാക്ഷരതാ മിഷൻ കോടി സഹായത്തിനെത്തിയതോടെ പഠനം എളുപ്പമായി. സ്‌കൂൾ പഠനം നടത്തിയ കാലം ഓർമ പോലുമില്ലാത്ത റോമിയ തന്റെ നാലാം ക്ലാസ് പഠനം ആരംഭിക്കാൻ തുടങ്ങുകയാണ്.