wonder-la

കൊച്ചി: കേരളത്തിലെയും തമിഴ്നാട്ടിലെയും സ്‌കൂളുകൾക്കായി വണ്ടർല ഏർപ്പെടുത്തിയ പരിസ്ഥിതി-ഊർജ സംരക്ഷണ പുരസ്‌കാരങ്ങൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം ഇന്ദ്രൻസ് വിതരണം ചെയ്‌തു. വണ്ടർല ഹോളിഡേയ്‌സ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്രിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ജോർജ് ജോസഫ്, വണ്ടർല കൊച്ചി പാർക്ക് ഹെഡ് എം.എ. രവികുമാർ, എച്ച്.എസ്.ഇ അസിസ്‌റ്രന്റ് മാനേജർ ഗിഗറിൻ ചാക്കോ എന്നിവർ സംസാരിച്ചു.

തൃശൂർ കുന്നംകുളത്തെ എക്‌സൽ പബ്ളിക് സ്‌കൂൾ ഒന്നാംസ്ഥാനത്തിനുള്ള 50,000 രൂപയും കോട്ടയം പെരുന്ന എസ്.എച്ച് ഹയർ സെക്കൻഡറി സ്‌കൂൾ, എറണാകുളം കൂനമ്മാവിലെ ചാവറ ദർശൻ സി.എം.ഐ പബ്ളിക് സ്കൂൾ എന്നിവ രണ്ടാംസ്ഥാനത്തിനുള്ള 25,000 രൂപയും സ്വന്തമാക്കി. മൂന്നാംസ്ഥാനം നേടിയ തമിഴ്‌നാട് മധുരയിലെ എം.എൻ.യു.ജെ നാടാർ ഹയർ സെക്കൻഡറി സ്‌കൂൾ, ആലപ്പുഴ മുഹമ്മയിലെ കെ.ഇ. കാർമ്മൽ സെൻട്രൽ സ്‌കൂൾ, തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവ 15,000 രൂപ നേടി.

ഇതിനുപുറമേ വിജയികളായ എല്ലാ സ്‌കൂളുകൾക്കും ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മികച്ച അദ്ധ്യാപകർ യഥാക്രമം 20,000 രൂപ, 15,000 രൂപ, 10,000 രൂപ എന്നിങ്ങനെ നേടി. കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ ജിജി പി. ജെയിംസിനാണ് ഒന്നാംസ്ഥാനം. തിരുവനന്തപുരം പാങ്ങോട് കെ.വി.യു.പി.എസിലെ എ.എം. അൻസാരി രണ്ടാംസ്ഥാനവും വയനാട് വൈത്തിരി ജവഹർ നവോദയയിലെ കെ.എം. അസ്‌കർ അലി മൂന്നാംസ്ഥാനവും നേടി.