കൊച്ചി: 'കരുണ' സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണം നൽകി പരിപാടിയുടെ സംഘാടകരായിരുന്ന ആഷിഖ് അബുവും ബിജിബാലും. പരിപാടിയുമായി ബന്ധപ്പെട്ട് വിൽപ്പന ചെയ്തത് 908 ടിക്കറ്റുകൾ മാത്രമാണെന്നും പരിപാടി നടത്തിയതിൽ നിന്നും 6,02,193 രൂപ മാത്രമാണ് ലഭിച്ചതെന്നുമായിരുന്നു ഇവർ വിശദീകരിച്ചത്.
ആഷിഖ് അബുവിനും ബിജിബാലിനും ഒപ്പം ഗായിക സിതാര കൃഷ്ണകുമാർ, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ, ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ, സംവിധായകൻ മധു സി. നാരായണൻ എന്നിവരും ഫേസ്ബുക്ക് ലൈവിൽ പങ്കുചേർന്നിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് തങ്ങൾ പറഞ്ഞിരുന്നുവെന്നും അതിനാലാണ് പരിപാടിക്കായി സ്റ്റേഡിയം അനുവദിച്ച് കിട്ടിയതെന്നും സംഘാടകർ പറഞ്ഞു. പരിപാടി കാണാനായി എത്തിയത് 4000 പേർ മാത്രമായിരുന്നുവെന്നും അതിൽത്തന്നെ 3000 പേർ സൗജന്യമായാണ് പരിപാടി കണ്ടതെന്നും ബിജിബാൽ ലൈവിലൂടെ വിശദീകരിച്ചു.
പ്രളയത്തിൽ നിന്നും കരകയറിയ കേരളത്തിന് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിനായി പണം സ്വരൂപിക്കുക എന്ന ഉദ്ദേശത്തോടെ സംഗീത നിശ നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന പരാതിയിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരെ യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബിജി ജോർജിനാണ് അന്വേഷണ ചുമതല.