ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമമ്പാടും വലിയ രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഡൽഹിയിലെ ഷഹീൻബാഗിലും ജാമിയ മില്ലിയയിലുമാണ് രൂക്ഷമായി പ്രതിഷേധങ്ങൾ അരങ്ങേറിയത്. എന്നാൽ ഷഹീൻബാഗിലെ പ്രതിഷേധത്തെ തകർക്കാൻ വ്യാപകമായ വ്യാജപ്രചാരണമാണ് നടക്കുന്നത്.
സോഷ്യൽ മീഡിയിലൂടെയാണ് വ്യാജപ്രചരണങ്ങൾ നടക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മുൻസിപാലിറ്റി തൊഴിലാളികൾ ഷഹീന്‍ബാഗിന്റെ പിന്നിലുള്ള അഴുക്കുചാൽ വൃത്തിയാക്കിയപ്പോൾ കോണ്ടങ്ങൾ ലഭിച്ചുവെന്ന പ്രചാരണം. ചിത്രങ്ങൾ അടക്കം പങ്കുവച്ചാണ് സംഭവം പ്രചരിച്ചിരുന്നത്. എന്നാൽ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ബൂം ലൈവ് രംഗത്തെത്തിയിരിക്കുകയാണ്. ഇത് 2016ൽ പുറത്ത് വന്ന ഒരു ചിത്രമാണെന്നാണ് ബൂം ലൈവ് തെളിവു സഹിതം വ്യക്തമാക്കുന്നത്.
പ്രചരിക്കുന്ന ചിത്രത്തിന് ഷഹീൻബാഗുമായി ഒരുതരത്തിലും ബന്ധമില്ല. ngamvn.net എന്ന വെബ്സൈറ്റിൽ അതേ വാട്ടർമാർക്ക് ഉൾപ്പെടെ ഈ ചിത്രം ലഭ്യമാണ്. വിയറ്റ്നാമിസിലാണ് ഈ ചിത്രത്തിന്റെ വാട്ടർമാർക്ക് എഴുതിയിരിക്കുന്നതെന്നും ബൂം ലൈവ് വെളിപ്പെടുത്തുന്നു. സത്യാവസ്ഥ അറിയാതെ നിരവധി പേരാണ് ചിത്രം പ്രചരിപ്പിക്കുന്നത്.