തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ തന്റെ ഭാര്യക്കെതിരെ പരാതി നൽകാൻ എത്തിയ വിമുക്ത ഭടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മർദ്ദിക്കുകയും തൂക്കി നിലത്തേക്ക് എറിയുകയും ചെയ്തു. പാറശാലയിലെ പൊഴിയൂർ സ്റ്റേഷനിൽ ഭാര്യയ്ക്കെതിരെ പരാതി നൽകാനെത്തിയ പൊഴിയൂർ സ്വദേശി ഷാൻ വിൽഫ്രഡ് എന്നയാളാണ് സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടടുത്താണ് സംഭവം നടന്നത്.
ഭാര്യക്കെതിരെയുള്ള ഇയാളുടെ പരാതി എഴുതിക്കൊണ്ടിരിക്കെ സ്റ്റേഷനിൽ എത്തിയ ഭാര്യയുമായി വിമുക്തഭടൻ വഴക്കിടുകയായിരുന്നു. തുടർന്ന് ഉച്ചത്തിൽ സംസാരിക്കരുതെന്ന് ഇയാളോട് ആവശ്യപ്പെട്ടപ്പോഴാണ് പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന പ്രദീപ് ആവശ്യപ്പെട്ടു.
അപ്പോഴാണ് ഷാൻ വിൽഫ്രഡ് പൊലീസുകാരനെ തൂക്കിയെടുത്ത് നിലത്തെറിഞ്ഞത്. അക്രമം തടയാനെത്തിയ റൈറ്ററായ് ക്രിസ്റ്റഫറിനെ ഇയാൾ ഇടത് തോളിലിടിച്ചു. പ്രദീപിന്റെ കൈയ്ക്കും ക്രിസ്റ്റഫറിന്റെ തോളെല്ലിനും ആക്രമണത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.
ശേഷം സ്റ്റേഷനിലേക്ക് കൂടുതൽ പൊലീസുകാരെത്തിയാണ് ഷാനെ കീഴ്പ്പെടുത്തിയത്. മാനസിക വിഭ്രാന്തി കാട്ടിയ ഇയാളെ പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വീണ്ടും അക്രമം നടത്താൻ തുനിഞ്ഞതോടെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി അക്രമം നടത്തിയതിന് ഷാൻ വിൽഫ്രഡിനെതിരെ പൊലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്.