sharanya

കണ്ണൂർ: തന്റെ ഒന്നര വയസുകാരനായ മകനെ കൊലപ്പെടുത്തിയ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത തയ്യിലിലെ ശരണ്യ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകിയത് താഴ്ന്ന കണ്ണുകളോടെ. മലയാളത്തിലെ ഒരു സ്വകാര്യ ചാനലിലെ ഒരു മാദ്ധ്യമപ്രവർത്തകനാണ് ശരണ്യയുടെ തല കുനിപ്പിച്ച ചോദ്യം ചോദിച്ചത്. മകനെ കൊലപ്പെടുത്തിയതിൽ 'കുറ്റബോധം തോന്നുന്നുണ്ടോ ശരണ്യ?' എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് തല കുനിച്ചുകൊണ്ട് 'ഉണ്ട്' എന്ന അർത്ഥത്തിൽ രണ്ടുപ്രാവശ്യം മൂളുക മാത്രമാണ് ഇവർ ചെയ്തത്.

പൊലീസ് വാഹനത്തിൽ വനിതാ പൊലീസുകാരുടെ ഇടയിലായിരുന്നത് കൊണ്ട് കൂടുതൽ ചോദ്യങ്ങൾ മാദ്ധ്യമ പ്രവർത്തകന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. എന്നിരുന്നാലും, കാമുകനോടൊപ്പം ജീവിക്കാനായി സ്വന്തം മകനെ കൊലപ്പെടുത്തിയ, അപമാനവും, കുറ്റബോധവും നിഴലിച്ച, ശരണ്യയുടെ മുഖം എളുപ്പം ആർക്കും മറക്കാൻ സാധിക്കുന്നതല്ല. ശരണ്യയെ മജിട്രേറ്റിന്‌ മുൻപിലേക്ക് കൊണ്ടുപോകുന്നതിന് മുൻപാണ് മാദ്ധ്യമപ്രവർത്തകന്റെ ഭാഗത്തുനിന്നും ഈ ചോദ്യം ഉയർന്നത്.

തിങ്കളാഴ്ച രാവിലെയാണ് തയ്യിൽ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയിൽ കാണപ്പെട്ടത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടിൽ വരാറുള്ളത്.

ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു. ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ വായ് കൈകൾ കൊണ്ട് പൊത്തിവച്ചു. കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.