തിരുവനന്തപുരം:നഗരത്തിലോടുന്ന ആട്ടോറിക്ഷകളെ കുറിച്ച് പരാതി പറയാൻ ഇനി വണ്ടി നമ്പർ നോക്കി മെനക്കെടേണ്ട. പ്രീപെയ്ഡ് ആട്ടോകൗണ്ടറിൽ വണ്ടിനമ്പർ രേഖപ്പെടുത്തി ഉറപ്പും വാങ്ങേണ്ട, ആട്ടോറിക്ഷയ്ക്കെതിരെ പരാതിയുണ്ടെങ്കിൽ വണ്ടിക്കുള്ളിലെ ക്യു. ആർ. കോഡ് മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് മൊബൈൽ ആപ്പിൽ അയച്ചാൽ മതിയാകും. ഇതിനുള്ള "ഹേയ് ആട്ടോ"യ്ക്ക് ഇന്നലെ തുടക്കമായി. കോർപറേഷൻ ഒാഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ നവീന പദ്ധതിക്ക് മേയർ കെ. ശ്രീകുമാർ തുടക്കമിട്ടു.
മോഹൻലാൽ നായകനായ ഏയ് ആട്ടോ സിനിമയുടെ പേരിലുള്ള തിരുവനന്തപുരം നഗരസഭയുടെ ഹേയ് ആട്ടോ പദ്ധതിയുടെ പ്രധാനസംഭവം അതേ പേരിലുള്ള മൊബൈൽ ആപ്പാണ്. ഗൂഗിൽ പ്ളെ സ്റ്റോറിൽ നിന്ന് ഹേയ് ആട്ടോ മൊബൈൽ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. നഗരത്തിലോടുള്ള എല്ലാ ആട്ടോറിക്ഷകളെയും ഇതിൽ രജിസ്റ്റർ ചെയ്യും. രജിസ്റ്റർ ചെയ്യുന്ന ആട്ടോറിക്ഷകളിലെല്ലാം ബാർകോഡും ക്യു ആർ കോഡും പ്രദർശിപ്പിക്കും. ഇത് മൊബൈൽ ഫോണിലെ കാമറയിൽ ഫോട്ടോയെടുത്ത് ഹേയ് ആട്ടോ മൊബൈൽ ആപ്പിൽ അയച്ചിട്ട് പരാതിയുണ്ടെങ്കിൽ അതും പ്രശംസയാണെങ്കിൽ അതും നൽകാം. ഇതനുസരിച്ച് നഗരത്തിലെ ആട്ടോറിക്ഷകളെ റേറ്റ് ചെയ്യും.
യാത്രക്കാർക്കുള്ള പ്രയോജനം
ആട്ടോറിക്ഷായാത്രയ്ക്കിടെ മോശം പെരുമാറ്റം, ഉപദ്രവങ്ങൾ, അപകടം, കൂടുതൽ നിരക്ക് വാങ്ങിക്കുക തുടങ്ങിയ പരാതികൾ ഉന്നയിക്കാം. പരാതികൾക്ക് പരിഹാരം തേടാം. സിറ്റി ട്രാഫിക് പൊലീസുമായി ചേർന്ന് ഇവ പരിഹരിക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കും.പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി നടക്കേണ്ട, ഫോണിൽ പരാതി പറയാൻ നമ്പർ അന്വേഷിച്ച് നടക്കേണ്ട. നല്ല പെരുമാറ്റമാണെങ്കിൽ അതും അധികൃതരെ അറിയിക്കാം.
ആട്ടോറിക്ഷക്കാർക്കുള്ള പ്രയോജനം
യാത്രക്കാരോട് നല്ല രീതിയിൽ പെരുമാറുന്ന ആട്ടോറിക്ഷക്കാർക്ക് സൽപ്പേര് നേടാം. പിന്നീട് അനാവശ്യകേസുകളോ പൊലീസ് ഉപദ്രവങ്ങളോ ഉണ്ടായാൽ അനുകൂല നിലപാട് അധികൃതരിൽ നിന്ന് നേടിയെടുക്കാൻ ഇത് സഹായിക്കും. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആട്ടോറിക്ഷകൾക്ക് ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹായകരമാകും. ടൂറിസം പദ്ധതികളും ഉൾപ്പെടുത്താൻ ഇത് സഹായിക്കും.തെറ്റായ പരാതികളിൽ അനുകൂല തീരുമാനമെടുക്കാനും സൽപ്പേര് സഹായിക്കും.
ഹേയ് ഓട്ടോ പദ്ധതി
ആട്ടോ ഡ്രൈവർമാർ നൽകുന്ന സേവനം വിലയിരുത്തി പോയിന്റ് അടിസ്ഥാനത്തിൽ റേറ്റ് ചെയ്യാവുന്ന വിധത്തിലാണ് പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. ഇതിനായി ഓപ്പൺ സോഴ്സ് പ്ളാറ്റ്ഫോമിൽ ഇന്ററാക്ടീവ് വെബ് പേജും, ഗൂഗിൾ പ്ലേ സ്റ്റോറുവഴി ഡൗൺലോഡ് ചെയ്യാവുന്ന ഹേയ് ആട്ടോ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഓരോ ഡ്രൈവർമാർക്കും നൽകുന്ന യൂണിക് ഐ ഡി കാർഡിൽ നിന്നും ബാർക്കോഡ്, ക്യൂ ആർ കോഡ് എന്നിവ റീഡ് ചെയ്ത് റേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. ഐ ഡി കാർഡ് ലഭ്യമാകുന്നതിനായി നഗരത്തിലോടുന്ന പെർമിറ്റുള്ള ആട്ടോറിക്ഷാ ഡ്രൈവർമാർ ഡ്രൈവിംഗ് ലൈസൻസ്, ലൈസൻസിന്റെ കോപ്പി, ആട്ടോറിക്ഷാ പെർമിറ്റ് കാർഡിന്റെ കോപ്പി എന്നിവ നഗരസഭയിലെ പ്രത്യേക കൗണ്ടറിൽ നൽകി രജിസ്റ്റർ ചെയ്യണം. ഇവർക്ക് ക്യു. ആർ. കോഡ് രേഖപ്പെടുത്തിയ കാർഡ് നൽകും. ഇത് ആട്ടോറിക്ഷയിൽ യാത്രക്കാർ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം.