തിരുവനന്തപുരം: കെമിക്കൽ വസ്തുക്കളും മാലിന്യങ്ങളുമില്ലാത്ത നിത്യോപയോഗ വസ്തുക്കളെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി പരിസ്ഥിതി പ്രവർത്തകൻ ജേക്കബ് പുളിക്കന്റെ നേതൃത്വത്തിൽ വൈ.എം.സി.എ ഹാളിൽ സ്വദേശി ഫെസ്റ്റിവൽ ഉത്പന്ന പ്രദർശനം തുടങ്ങി. വിവിധ കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന സ്വദേശി ഉത്പന്നങ്ങളുടെ വിപണനവും പേപ്പർബാഗ്, ഭക്ഷ്യ ഉത്പന്നം എന്നിവയുടെ നിർമ്മാണപ്രദർശനവും ഇതോടൊപ്പം നടത്തുന്നുണ്ട്. കൊളസ്ട്രോളിനുള്ള കൊളസ്റ്ററോൾ നിവാരണി, പുനാർപുളി പ്രമേഹ പാനീയം, പ്രമേഹരോഗികൾക്ക് ഇഞ്ചി ജീരക പാനീയം, രുചികരമായ പുളിഞ്ചിക്ക സ്ക്വാഷ്, ഔഷധ ഗുണങ്ങളാൽ സമ്പന്നമായ കറ്റാർവാഴ ജാതിക്ക സിറപ്പ്, ഇഞ്ചിയും നാരങ്ങയും കൊണ്ടുളള ലമൺ ജിഞ്ചർ സ്ക്വാഷ്, ചക്കയിൽ നിന്നു തയ്യാറാക്കുന്ന ജല്ലി, ജാം,പേഡ, സ്ക്വാഷ്, ചക്കക്കുരു അവലോസ്, പ്രമേഹരോഗികൾക്കു കഴിക്കാൻ ഉണക്ക ചക്കച്ചുള തുടങ്ങിയ വൈവിദ്ധ്യമുളള ഒട്ടേറെ നാടൻ ഉത്പന്നങ്ങൾ മേളയിലുണ്ട്. ഔഷധഗുണത്തിലും രുചിയിലും മണത്തിലും മുൻപന്തിയിൽ നിൽക്കുന്ന പാഷൻ ഫ്രൂട്ട് സ്ക്വാഷ്, രക്തത്തിലെ ശ്വേതാണുക്കളെ വർദ്ധിപ്പിക്കുന്ന മാതള സ്ക്വാഷ്, രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന നെല്ലിക്കാ സ്ക്വാഷ്, നെല്ലിക്കാ ജാം, നെല്ലിക്കാപ്പൊടി, വിവിധതരം നാടൻ അച്ചാറുകൾ, ചമ്മന്തിപ്പൊടികൾ, മരച്ചിനി പപ്പടം, പുട്ടുപൊടി, അവലോസ്, വാട്ടുകപ്പ,നാടൻ പഴങ്ങളിൽ നിന്നുള്ള ജാമുകൾ, ചക്കപ്പഴ ഉണ്ണിയപ്പം, തേൻനെല്ലിക്ക, തേൻജാതിക്ക, നാടൻ പലഹാരങ്ങൾ എന്നിവ വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റുന്ന ഇനങ്ങളാണ്.
നാടൻ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കറിമസാലപ്പൊടികൾ, നാടൻ വാളൻപുളി, കൊടംപുളി, നാടൻ കാപ്പിപ്പൊടി പ്രകൃതി കൃഷി ഗ്രീൻ ടീ, ഹെൽത്ത് ടോണുകളിൽ അടങ്ങിയിരിക്കുന്ന അമുക്കുരം, നാഡീഞരമ്പുകൾക്ക് ശക്തിപകരുന്ന നായ്ക്കരണപൊടി, നാടൻ തേൻ, ഔഷധ ഉമിക്കരി,ചിരട്ട പൽപ്പൊടി, ഔഷധയില പൽപ്പൊടി എന്നിവയും പ്രദർശനമേളയിൽ ലഭ്യമാണ്. സ്വദേശി ഫെസ്റ്റിവലിന്റെ ഭാഗമായി കറി മസാലപ്പൊടി നിർമ്മാണം ഇന്നും 20,21 തീയതികളിലും വാഴയില പ്ലേറ്റ് നിർമാണം 22, 23 തീയതികളിലും സെക്രട്ടേറിയറ്റിനു സമീപമുള്ള തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടക്കും.