തിരുവനന്തപുരം: നാടകപ്രേമികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി നാടിന്റെ അകത്തെ നന്മ-തിന്മകളെ കുറിച്ചുള്ള കഥകൾ പറയുന്ന ഒരുപിടി മികച്ച നാടകങ്ങൾക്ക് തലസ്ഥാന നഗരം വേദിയാകുന്നു. വഴുതക്കാട് ടാഗോർ തിയേറ്ററിൽ നാളെയും മറ്റന്നാളും (21, 22) നടക്കുന്ന യൂത്ത് തിയേറ്റർ ഫെസ്റ്റിവൽ ഒഫ് കേരളയിൽ 14 ടീമുകളാണ് മത്സരിക്കുക. നാളെ രാവിലെ 9ന് മന്ത്രി ഇ.പി.ജയരാജൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. അന്ന് ഒമ്പത് നാടകങ്ങളും രണ്ടാംദിവസം അഞ്ച് നാടകങ്ങളും അരങ്ങേറും. ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 75,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 50,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക. വൈകിട്ട് 4ന് എറണാകുളം ദ്വയ ട്രാൻസ്ജെൻഡേഴ്സ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മഴവിൽ ധ്വനി എന്ന ട്രാൻസ്ജെൻഡേഴ്സ് തിയേറ്റർ നാടക സംഘം അവതരിപ്പിക്കുന്ന 'പറയാൻ മറന്ന കഥകൾ ' എന്ന നാടകം അരങ്ങേറും.
5ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, കെ.എ.എൽ ചെയർമാൻ കരമന ഹരി, ഫെസ്റ്റിവൽ ഡയറക്ടർ പ്രമോദ് പയ്യന്നൂർ, യുവജനക്ഷേമ ബോർഡ് അംഗങ്ങളായ സി.ആർ.മഹേഷ്, എസ്.സതീഷ്, മഹേഷ് കക്കത്ത്, കെ.ബിജു, വി.പി.റജീന, ഷെരീഫ് പാലൊളി, എസ്.ജി.പ്രവീൺ, അഫ്സൽ കുഞ്ഞുമോൻ, സന്തോഷ് കാല,മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, ജില്ലാ പ്രോഗ്രാം ഓഫീസർ ചന്ദ്രികദേവി .ആർ.എസ്, ജില്ലാ കോ ഒാർഡിനേറ്റർ എ.എം.അൻസാരി എന്നിവരും പങ്കെടുക്കും. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു സ്വാഗതവും പ്രോഗ്രാം കോ ഒാർഡിനേറ്റർ കൃഷ്ണൻ ബാലകൃഷ്ണൻ നന്ദിയും പറയും.
പങ്കെടുക്കുന്ന ടീമുകളും നാടകവും
l തിരുവനന്തപുരം ആപ്റ്റ് പെർഫോമൻസ് ഒഫ് ആൻഡ് റിസർച്ച്, പെറ്റ്സ് ഓഫ് അനാർക്കി
l കൊല്ലം വിജയേശ്വരി ആർട്സ് - റൗണ്ടാന
l പത്തനംതിട്ട മഹിമ ഊര് നാടക കൂട്ടം - തേൻവരിക്ക
l ആലപ്പുഴ നെയ്യതൽ - കേണൽ
l ഇടുക്കി മാനവീയം - പുള്ളി പൈ കരയുകയാണ്
l കോട്ടയം ഇടം- ഇരാവതി
l എറണാകുളം സുവർണ തിയറ്റേഴ്സ് - ഓലി
l തൃശൂരിൽ നിന്നുള്ള ലിബ്
l പാലക്കാട് ഡ്രാമ ഡ്രീംസ് -രേഖകൾ
l മലപ്പുറം ലിറ്റിൽ എർത്ത് സ്കൂൾ ഒഫ് തിയേറ്റർ - കന്റോണിയൻസ്
l കോഴിക്കോട് നാടക ഗ്രാമം - മീശപ്പുലിമല
l കണ്ണൂർ മാഹി നാടകപുര - പ്രഥ
l കാസർകോട് യുവ അരീന സിയു കേരള - അഭിസാരി