തനിക്ക് ഇരുപത്തിനാലു വയസ്സായെന്ന് വെളിപ്പെടുത്തിക്കൊണ്ട് നടി അനുപമാ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി പ്രേക്ഷക മനസ്സ് കീഴടക്കിയ അനുപമ സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പിറന്നാൾ വാർത്ത ആരാധകരുമായി പങ്ക് വച്ചത്.
ആർ. കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ തള്ളിപ്പോകാതെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനുപമയ്ക്കുള്ള പിറന്നാൾ സമ്മാനമായി ഇന്നലെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. അഥർവയാണ് ഈ ചിത്രത്തിലെ നായകൻ. മലയാളത്തിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് അനുപമ ഒടുവിൽ അഭിനയിച്ചത്. നവാഗതനായ ഷംസു സായ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയാണ് അനുപമയുടെ നായകൻ.
മലയാളത്തിൽ ജോമോന്റെ സുവിശേഷങ്ങൾക്കുശേഷം അനുപമ തമിഴ്, തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു. തെലുങ്കിൽ ഏറെ അറിയപ്പെടുന്ന നടിയായി പേരെടുക്കാനും അനുപമയ്ക്കായി. രക്ഷാസുടു, നടനസർവ്വഭൗമ, ഹലോ ഗുരു പ്രേമ കുസുമേ തുടങ്ങിയവയാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ. ഇതിൽ രക്ഷാസുടു ഏറെ വിജയം നേടി.