രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും മികച്ച മാർഗമാണ് ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും. പപ്പായ, ചക്ക, മാമ്പഴം, മാതളം എന്നീ പഴങ്ങൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ജ്യൂസുകളല്ല , പഴങ്ങളായി തന്നെ നല്കുക.ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ, പ്രത്യേകിച്ചും മത്തി നല്കുക. കാൽസ്യം അടങ്ങിയ ഭക്ഷണം അസ്ഥികളുടെ വളർച്ച മാത്രമല്ല ആരോഗ്യവും ഉറപ്പാക്കാൻ ഉത്തമമാണ്. ഇരുമ്പിന്റെ അംശമുള്ള നെല്ലിക്ക, ചീര, ഈന്തപ്പഴം, കരിപ്പെട്ടി, ഉണക്കമുന്തിരി എന്നിവ നല്കുന്നത് വിളർച്ച തടയും, ആരോഗ്യം വർദ്ധിപ്പിക്കും. റാഗി കുറുക്കോ റാഗി പലഹാരങ്ങളോ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും നല്കുന്നത് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാൻ സഹായകമാണ്. വിറ്റാമിൻ എ ധാരാളമടങ്ങിയ ഇലക്കറികൾ കാഴ്ചത്തകരാറുകളെ പ്രതിരോധിക്കും. ഇലക്കറി, പച്ചക്കറി,ചിക്കൻ, മട്ടൺ ഇവയിലേതെങ്കിലും ഒരു സൂപ്പ് ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും നല്കണം. മുട്ട, ബദാം , നിലക്കടല, ചെറുപയർ എന്നിവയിലൂടെ പ്രോട്ടീൻ ഉറപ്പാക്കാം.