കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം നടന്നത്. 10 പേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്നി റാഫേല്‍ (39), റോസ്‌ലി (61), വിനോദ് (45), ക്രിസ്റ്റഫർ (25), നിവിൻ ബേബി, റഹീം,സോന സണ്ണി എന്നിവരെ തിരിച്ചറിഞ്ഞു. ഇവരിൽ വിനോദ്, ക്രിസ്റ്റഫർ , നിവിൻ ബേബി, റഹീം എന്നിവർ തൃശൂർ സ്വദേശികളാണ്. പാലക്കാട് സ്വദേശിയാണ് സോന സണ്ണി. കെ.എസ്.ആർ.ടിസി ആർ.എസ് 784 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്.
കോയമ്പത്തൂർ–സേലം ബൈപ്പാസിൽ ഇടയ്ക്കുള്ള മീഡിയൻ മറികടന്ന് വൺവേ തെറ്റിച്ചെത്തിയ കണ്ടെയ്നർ ലോറി കെ.എസ്.ആർ.ടി.സി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ബസില്‍ ഏറെയും മലയാളികളായിരുന്നു യാത്രക്കാരെന്നാണ് സൂചന. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്. അപകടകാരണം അന്വേഷിക്കാൻ കെ.എസ്.ആർ.ടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.