vigilance

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസിൽ മുൻ മന്ത്രി വി.എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസിന്റെ റെയ്ഡ്. വിജിലൻസ് പ്രത്യേക സെൽ ഡി.വൈ.എസ്.പി വി.എസ് അജിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. കേസിൽ പ്രതിയായ മറ്റ് മൂന്ന് പ്രതികളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്. വി.എസ് ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് എഫ്.ഐ.ആർ സമർപ്പിച്ചത്. ആകെ നാല് പ്രതികളാണ് കേസിലുള്ളത്.

രണ്ടാംപ്രതിയായ എം.രാജേന്ദ്രനെ ബിനാമിയാക്കിയാണ് ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം ഇവരെക്കൂടാതെ പഴ്‌സണൽ സ്റ്റാഫ് അംഗം ഷൈജു ഹരൻ, അഡ്വ എം.എസ്. ഹരികുമാർ എന്നിവരാണ് മറ്റുപ്രതികൾ.അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയിൽ ശിവകുമാറിന്റെ ബന്ധുക്കളും പേഴ്‌സണൽ സ്റ്റാഫും അടക്കം എഴുപേർക്കെതിരെയാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഇതിൽ ശിവകുമാർ ഉൾപ്പെടെ നാല് പേർക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ബിനാമി പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. വഴുതക്കാട് സ്വദേശി ആർ വേണുഗോപാലായിരുന്നു പരാതിക്കാരൻ.