accident

കോയമ്പത്തൂർ: തമിഴ്നാട്ടിൽ അവിനാശിയിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെത്തി ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി രണ്ട് മന്ത്രിമാർ തിരുപ്പൂരിലെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർക്കാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കളക്ടറുമായും സഹകരിച്ച് സാദ്ധ്യമായ എല്ലാ ആശ്വാസനടപടികളും കൈക്കൊള്ളും. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

പരിക്കേറ്റവർക്ക് അടിയന്തര സഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്കും മുഖ്യമന്ത്രി നിർദേശം നൽകി. അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി. സി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 94950 99910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. സംഭവ സ്ഥലത്തുള്ള പാലക്കാട് ഡി.ടി.ഒയുടെ നമ്പറാണിത്.

ബംഗളൂരുവില്‍നിന്ന് എറണാകുളത്തേയ്ക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ 20 പേർ മരിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വച്ച് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.