ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളിലൊരാളായ വിനയ് ശർമ ജയിലിനുള്ളിൽ മാനസിക വിഭ്രാന്തി കാട്ടുന്നതായി റിപ്പോർട്ട്. ഫെബ്രുവരി 16ന് വിനയ് ശർമ്മ തലക്ക് സ്വയം പരിക്കേൽപ്പിച്ചുവെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. സെല്ലിനുള്ളിലുള്ള ചുമരിൽ തല ആഞ്ഞിടിച്ചുകൊണ്ടാണ് ഇയാൾ സ്വയം പരിക്കേൽപ്പിച്ചത്. പ്രതിയുടെ കൈയ്ക്കും പരിക്കുള്ളതായി പറയപ്പെടുന്നു. തുടർന്ന് ഇയാൾക്ക് ആവശ്യമായ ചികിത്സ നൽകിയതായി ജയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. ഇയാളുടെ പരിക്ക് നിസാരമാണെന്നും ജയിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
വിനയ് ശർമ ജയിലിനുള്ളിൽ നിരാഹാരസമരത്തിലാണെന്നും ജയിലിനുള്ളിൽ വച്ച് ആക്രമിക്കപ്പെട്ടതിനാൽ പ്രതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളുടെ അഭിഭാഷകൻ ഈയാഴ്ച കോടതിയെ അറിയിച്ചിരുന്നു. വിനയ് ഗുരുതര മാനസികരോഗ ബാധിതനാണെന്നും അതിനാൽ വധശിക്ഷ നടപ്പാക്കാനാകില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.
വിനയ്ക്ക് സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴെന്നും അതുകൊണ്ട് അയാളെ മാനസിക രോഗാശുപത്രിയിലേക്ക് മാറ്റണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഈ അഭ്യർത്ഥനയെ തുടർന്ന് വിനയ് ശർമയ്ക്ക് പ്രത്യേക നിരീക്ഷണമേർപ്പെടുത്തണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു.
പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനായി മൂന്നാമത്തെ തവണയാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്. മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് ശിക്ഷ നടപ്പാക്കണമെന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് മുൻപ് രണ്ട് തവണ മാറ്റി വച്ചിരുന്നു.