ദുബായ് : യു.എ.ഇയിലെ പ്രശസ്തമായ ജ്വല്ലറിയിൽ ക്ലീനറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരൻ ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു രണ്ട് പാകിസ്ഥാനികൾക്ക് വിറ്റു. 8.3 മില്യൺ ദർഹം മൂല്യം വരുന്ന 86 വാച്ചുകളാണ് ഇയാൾ മോഷണം നടത്തിയത്. വാച്ചുകൾ ബോക്സിൽ നിന്നും പുറത്തെടുത്ത് ഷോപ്പിനുള്ളിലെ വേസ്റ്റ് ഇടുന്ന പാത്രത്തിൽ ഇട്ടശേഷം പുറത്തുകൊണ്ടുപോയി എടുക്കുകയായിരുന്നു. ഇരുപത്തിയാറു വയസുള്ള യുവാവാണ് മോഷണം നടത്തിയത്. ഇപ്പോൾ ഇയാൾ കോടതിയിൽ വിചാരണ നേരിടുകയാണ്. മോഷ്ടിച്ചവാച്ചുകൾ പാകിസ്ഥാനികൾക്കാണ് ഇയാൾ വിറ്റത്. ബന്ധുക്കളായ രണ്ട് പാകിസ്ഥാൻ പൗരൻമാരെയും മോഷണമുതൽ വാങ്ങിയ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ 25 നാണ് ഷോപ്പിൽ മോഷണം നടന്നതായി ഉടമസ്ഥൻ മനസിലാക്കിയത്. മുപ്പതിനായിരം ദർഹം വിലയുള്ള ഒരു വാച്ച് വേസ്റ്റ് പാത്രത്തിൽ നിന്നും സെയിൽസ് മാൻ കണ്ടെടുത്ത് നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഇന്ത്യൻ പ്രവാസി കുടുങ്ങിയത്. വിലകൂടിയ വാച്ചുകൾ ഇന്ത്യക്കാരനിൽ നിന്നും മൂന്നിലൊന്ന് വില നൽകിയാണ് പാകിസ്ഥാനികൾ വാങ്ങിയിരുന്നത്.