sharjah

മലപ്പുറം: ഷാർജയിലെ ഡ്രൈവിംഗ് സ്‌കൂളിന്റെ മാതൃകയിൽ അന്താരാഷ്‌ട്ര ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ കേരളത്തിലേക്ക് എത്തിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മലപ്പുറത്തെ വേങ്ങരയിലാണ് ഈ പുതിയ സ്ഥാപനം സ്ഥാപിക്കാൻ കേരള സർക്കാർ പദ്ധതിയിടുന്നത്. ഇനി വിദേശത്ത് വാഹനം ഓടിക്കുന്നതിനായി ഈ സ്ഥാപനത്തിൽ നിന്നും ലൈസൻസ് എടുത്താൽ മതിയാകും. ഇൻകെലിന്റെ വ്യവസായ പാർക്കിന് അടുത്തുള്ള 25 ഏക്കർ സ്ഥലത്താണ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ ഉയരുക.

സ്ഥാപനത്തിൽ ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമായുള്ള എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകുമെന്നാണ് വിവരം. ഇവിടെ ടെസ്റ്റ് പാസായിക്കൊണ്ട് അന്താരാഷ്‌ട്ര ഡ്രൈവിംഗ് ലൈസൻസ് കൈക്കലാക്കാൻ സാധിക്കും. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യാനും ഇതുമൂലം കഴിയുന്നതാണ്. ഷാർജാ സർക്കാരിന് മുന്നിൽ കേരളം ഉന്നയിച്ച പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ. മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് റിസേർച്ചിനായിരിക്കും ട്രെയിനിംഗ് സെന്ററിന്റെ നടത്തിപ്പിന്റെ ചുമതല.

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനായി, ഷാർജയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകി മേൽനോട്ടം വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ അധികം താമസിയാതെ തന്നെ സർക്കാർ ഒപ്പിടും. ഇന്ത്യയിൽ ആദ്യമായി വരുന്ന ഈ സംരംഭത്തിനായുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.