malaysia

ലോകത്തെ മുഴുവൻ മുൾമുനയിൽ നിറുത്തി, ഇന്നും ദുഹൂഹതകൾ മാത്രം ബാക്കിയാക്കി നിൽക്കുന്ന ഒന്നാണ് വർഷങ്ങൾക്ക് മുമ്പ് കാണാതായ മലേഷ്യൻ വിമാനം എം.എച്ച് 370. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ തിരച്ചിൽ നടത്തിയിട്ടും ഇതുവരെ വിമാനത്തിന്റെ ഒരു പൊടി പോലും കണ്ടെത്താനായില്ല. ആ യാത്രക്കാർക്കും വിമാനത്തിനും എന്ത് സംഭവിച്ചെന്നോ ആർക്കും ഇതുവരെ ഒരു പിടിയുമില്ല. എന്നാൽ ഇപ്പോഴിതാ ആസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് നടത്തിയ പ്രതികരണമാണ് ലോകത്തെ ഞെട്ടിക്കുന്നവിധത്തിൽ ചർച്ചയാകുന്നത്.

അന്ന് വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്ടൻ സഹരി അഹമ്മദ് ഷായോയും സഹ പൈലറ്റ് ഫാരിഖ് അബ്ദുള്‍ ഹാമിദോയും വിമാനം ബോധപൂർവം തകർത്ത് ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് മലേഷ്യൻ വക്താക്കൾ വിശ്വസിച്ചിരുന്നത്. ഇക്കാര്യം അവർ തന്നോട് പറഞ്ഞിരുന്നതായി ടോണി അബോട്ട് പറഞ്ഞു. അപ്രത്യക്ഷമായ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ക്യാപ്റ്റൻ വിമാനം കടലില്‍ മുക്കിയെയെന്ന് മലേഷ്യ വിശ്വസിക്കുന്നുവെന്ന് ചിലർ തന്നോട് പറഞ്ഞിരുന്നു. മലേഷ്യൻ സർക്കാരിന്റെ ഉന്നത തലങ്ങളിൽ നിന്നുള്ളവരാണ് ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം ടെലകാസ്റ്റ് ചെയ്ത സ്കൈ ന്യൂസ് ഡോക്യുമെന്ററിയിലായിരുന്നു അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. 2014 മാർച്ച് എട്ടിനാണ് ക്വാലാലംപൂരിൽ നിന്നും മലേഷ്യൻ വിമാനം ബീജിങ്ങിലേക്ക് പറന്നുയരുന്നത്. വ്യാപകമായ തിരച്ചിലുകൾ പിന്നീട് നടത്തിയെങ്കിലും ആരുടേയും മൃതദേഹ അവശിഷ്ടങ്ങൾ പോലും ലഭിച്ചില്ല. 239 യാത്രക്കാരും വിമാനജീവനക്കാരുമായി വിമാനം വൈകാതെ സമുദ്രത്തിൽ അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം കാണാതയാതിന് പിന്നിൽ ഈ നാലു ഹൈജാക്കിംഗ് സാദ്ധ്യതകളാണ് അധികൃതർ മുന്നോട്ടുവച്ചിരുന്നത്. യാത്രക്കാരിൽ ആരെങ്കിലും ഒരാൾ, വിമാനത്തിലെ ജീവനക്കാർ, വിമാനത്തിൽ കടന്നുകൂടിയ അനധികൃത യാത്രക്കാരൻ, ഹാക്ക് ചെയ്ത് വിമാനത്തിന്റെ നിയന്ത്രണം നിലത്തു നിന്ന് ആരെങ്കിലും കൈക്കലാക്കിയത്. ഇതിൽ ടിക്കറ്റില്ലാത്ത അനധികൃതയാത്രക്കാരന്റെ സാന്നിധ്യത്തിന് സാധ്യത കൂടുതൽ എന്നാണ് ടിം ടെർമിനി എന്ന ഏവിയേഷൻ വിദഗ്ദൻ പറയുന്നത്. ആരും അറിയാതെ വിമാനത്തിൽ കയറികൂടിയ അനധികൃത യാത്രക്കാരനായതുകൊണ്ടായിരിക്കാം അപകടത്തെപ്പറ്റി ഇതുവരെ കൂടുതൽ വിവരങ്ങൾ ലഭിക്കാത്തതെന്നും ഇവർ വാദിക്കുന്നു. എന്നാൽ ഈ അഭിപ്രായം ശരിയാവാൻ സാദ്ധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്.