പതിവിന് വിപരീതമായി കേരളം നേരത്തെ ചുട്ടുപൊള്ളുകയാണ്. നീരുറവകളെല്ലാം വറ്റിവരണ്ടതോടെ അന്തരീക്ഷത്തിലെ ചൂടിന്റെ തോതും വർദ്ധിച്ചിരിക്കുന്നു. കേരളത്തിന്റെ പലഭാഗങ്ങളിലും താപനില 37 ഡിഗ്രിക്കും മുകളിലേക്ക് ഉയർന്നതോടെ മുന്നറിയും നിർദ്ദേശങ്ങളും നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് താഴെ പറയുന്ന നിർദ്ദേശങ്ങൾ തീർച്ചയായും പാലിക്കുക
വെള്ളമാണ് മുഖ്യം
കത്തുന്ന ചൂടിനെ തണുപ്പിക്കാൻ വെള്ളം പോലെ മറ്റൊന്നിനും കഴിയില്ല. സാധാരണ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വേനൽക്കാലത്ത് വർദ്ധിപ്പിക്കുക. എന്നാൽ വേനൽകാലത്ത് മലിനജലം കൂടുന്നതിനും സാദ്ധ്യതയുണ്ട്. വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ പാത്രത്തിൽ ശുദ്ധജലം കൂടി കരുതുന്നതാണ് നല്ലത്. കടകളിനിന്നും വാങ്ങുന്ന ശീതള പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കരുതി മദ്യം കഴിക്കാൻ ശ്രമിക്കരുത്. ചൂട് സമയത്ത് മദ്യപിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാവുകയും ഇരട്ടി ദോഷം ശരീരത്തിന് ഉണ്ടാവുകയും ചെയ്യും.
തലയിലും ശരീരത്തും വെയിലുകൊള്ളിക്കരുത്
പകൽ സമയത്ത് പ്രത്യേകിച്ച് ചൂട് കുത്തനെ ഉയരുന്ന ഉച്ച സമയത്ത് പുറത്തിറങ്ങുമ്പോൾ തലയിൽ തൊപ്പി ധരിക്കുകയോ കുട ചൂടുകയോ വേണം. ശരീരത്തിൽ നേരിട്ട് വെയിലേക്കുന്നത് കൂടുതൽ വിയർക്കുന്നതിനും അതുവഴി നിർജ്ജലീകരണത്തിനും കാരണമായേക്കാം. അതുപോലെ ശരീരത്തിനോക് ഒട്ടിക്കിടക്കുന്ന വസ്ത്രവും ധരിക്കരുത്. കട്ടി കുറഞ്ഞ വായൂസഞ്ചാരമുറപ്പാക്കുന്ന അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. കടുത്ത കളറുള്ള വസ്ത്രങ്ങളും ഒഴികാക്കുന്നതാണ് ഉത്തമം.
പുറത്ത് പണിയെടുക്കുന്നവർ സൂക്ഷിക്കണം
പകൽ പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് 12 മണിമുതൽ മൂന്ന് മണിവരെ വിശ്രമം അനുവദിച്ചു കൊണ്ട് ലേബർ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കേണ്ടതാണ്. തൊഴിലുറപ്പ് പോലുള്ള ജോലികളിൽ ഏർപ്പെടുന്നവരും ഇത് ശ്രദ്ധിക്കേണ്ടതാണ്. ജോലിയുടെ ഇടവേളകളിൽ ശുദ്ധ ജലം ധാരാളം കുടിക്കാൻ ശ്രമിക്കുക. വിശ്രമിക്കുന്ന തണൽ മരങ്ങളുടെ ചുവട്ടിലാവുന്നതാണ് ഉത്തമം.
പരീക്ഷാക്കാലം വേനൽക്കാലം കൂടിയാണ്
വേനൽക്കാലത്ത് വിദ്യാർത്ഥികൾക്ക് പരീക്ഷാ ചൂടും ആരംഭിക്കുന്ന സമയമാണ്. കൂടുതൽ സമയം പഠനത്തിൽ ശ്രദ്ധ നൽകേണ്ടിവരുന്നതും ടെൻഷൻ കൂടുന്നതും വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ബാധിക്കും. പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
മിണ്ടാപ്രാണികളോടും വേണം കരുതൽ
സൂര്യാഘാതമേറ്റ് വളർത്തുമൃഗങ്ങൾ ചത്തവാർത്ത പത്രങ്ങളിൽ വായിക്കുന്നവരുണ്ടാവാം. പാടത്ത് വളർത്തു മൃഗങ്ങളെ മേയാൻ വിടുന്നവർ ഉച്ചസമയത്ത് തണലുള്ള ഭാഗത്തേക്ക് മാറ്റിക്കെട്ടുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇതു പോലെ തന്നെ വളർത്തു മൃഗങ്ങൾക്ക് കുടിക്കാൻ ശുദ്ധജലം നൽകുവാനും ശ്രദ്ധിക്കേണ്ടതാണ്.