accident

ചെന്നൈ: 'ഇന്ത്യൻ - 2" സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നടന്ന അപകടം ഭയാനകമായിരുന്നുവെന്ന് നടൻ കമലഹാസൻ.'ഒരുപാട് അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ഭയാനകമായിരുന്നു. ഏറ്റവുമധികം കഠിനാദ്ധ്വാനം ചെയ്ത മൂന്നുപേരെയാണ് നഷ്ടമായത്. എന്റെ വേദനയെക്കാൾ അവരുടെ കുടുംബത്തിന്റെ വേദനയാണ് വലുത്. ഞാനുണ്ടാകും അവരോടൊപ്പം' - കമൽ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കായി ഒരു കോടി രൂപ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ ജാഗ്രതക്കുറവ് കാരണം അപകടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ക്രെയിൻ ഓപ്പറേറ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ച മൂന്ന് പേരുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസും അനുശോചിച്ചു. സീൻ ഷൂട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ ടെന്റിന് മുകളിലേക്ക് 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ മറിഞ്ഞ് വീണ് സംവിധാന സഹായികളായ മധു (29), കൃഷ്ണ (34), നൃത്ത സഹ സംവിധായകൻ ചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്. സംവിധായകൻ ശങ്കറിനടക്കം പതിനൊന്നോളം പേർക്ക് പരിക്കേറ്റു. ശങ്കറിന്റെ നില ഗുരുതരമല്ല.

' അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും. ഒരു നിമിഷം കൊണ്ടാണ് എല്ലാം സംഭവിച്ചത്. എന്റെ ജീവൻ ബാക്കി വച്ചു. ദൈവത്തിന് നന്ദി. ജീവിതത്തിന്റെയും സമയത്തിന്റെയും വില എന്നെ പഠിപ്പിച്ചതിന്. എന്റെ സഹപ്രവർത്തകരുടെ കുടുംബത്തിന് സ്‌നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നു.

- കാജൽ അഗർവാൾ