മഹാശിവരാത്രി ആഗതമായിരിക്കുകയാണ്. സർവപാപഹരവും, സർവാഭീഷ്ടപ്രദവും, സർവൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക് ഏറ്റവും ഉചിതമായ ദിവസവും ഇത് തന്നെ. ബ്രാഹ്മണ ശാപം, ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങൾ പോലും ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. അതുപോലെ തന്നെ മഹാശിവരാത്രി വേളയിൽ രാഹുയോഗം കൊണ്ട് ജാതകത്തിൽ മഹായോഗം പ്രാപ്‌തമാകുന്ന ചില നക്ഷത്രങ്ങളുണ്ട്. കൃത്യമായി പറഞ്ഞാൽ മൂന്ന് നക്ഷത്ര ജാതർ.
ചതയം, ചോതി, തിരുവാതിര എന്നീ നക്ഷത്രങ്ങൾക്കാണ് ആ വിധത്തിൽ യോഗം കാണപ്പെടുന്നത്. ഈ നാളുകൾ ശിവാരാത്രി വ്രതം അനുഷ്‌ഠിക്കുന്നത് ഏറെ ഗുണകരമാണ്. അതോടൊപ്പം രാഹു പ്രീതിക്കായി വൈഡൂര്യം ധരിക്കുന്നത് ഏറെ ഗുണപ്രദമാണ്. തുളസി വെള്ളത്തിൽ ശുദ്ധീകരിച്ചതിന് ശേഷം വീടിനടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തിൽ ശുദ്ധീകരിച്ചാണ് വൈഡൂര്യം ധരിക്കേണ്ടത്. സ്വർണമോ വെള്ളിയോ ആണ് ആഭരണമായി ഉപയോഗിക്കേണ്ടത്. മൂന്ന് നക്ഷത്രക്കാർക്കും ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ സംഭവിക്കും.
ശിവരാത്രി വ്രതം അനുഷ്‌ഠിക്കേണ്ട വിധം-
ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം. ശിവരാത്രി ദിവസത്തിൽ പകൽ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്. ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവർ 'ഉപവാസം' നോൽക്കുകയും അല്ലാത്തവർ 'ഒരിക്കൽ' വ്രതം നോൽക്കുകയും ചെയ്യാവുന്നതാണ്. 'ഒരിക്കൽ' നോൽക്കുന്നവർക്ക് ഒരു നേരം അരി ആഹാരം ആകാം. അത് ശിവക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ആകുന്നത് ഉത്തമം. വയർ നിറയെ കഴിക്കാൻ പാടില്ല. ശിവരാത്രി വ്രതത്തിൽ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തിൽ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദർശനത്തിനു സാധിക്കാത്തവർ വീട്ടിൽ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്‌തോത്രം, ശിവ പഞ്ചാക്ഷരീ സ്‌തോത്രം, വില്വാഷ്ടകം, ലിംഗാഷ്ടകം മുതലായ ശിവ സ്‌തോത്രങ്ങൾ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തിൽ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്‌ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂർണ്ണ ഉപവാസം നോൽക്കുന്നവർ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.)
പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രി ദിവസം വിശേഷ പൂജകളും മറ്റും നടത്തിവരുന്നുണ്ട്. ഋഷഭ വാഹനത്തിൽ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമപൂജ, പ്രത്യേക അഭിഷേകങ്ങൾ മുതലായവ. ഇവയിലെല്ലാം പങ്കെടുത്ത്, രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും തീർത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാൽ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. പൊതവേ സർവ്വാഭീഷ്ടസിദ്ധിക്കായി നോൽക്കുന്ന മഹാശിവരാത്രി വ്രതം ദീർഘായുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു.