anu-marriage-photo

എരുമപ്പെട്ടി: മധുവിധു തീരും മുമ്പേ അനു യാത്രയായി, പ്രിയതമൻ സ്നിജോയെ തനിച്ചാക്കി. കൃത്യം ഒരു മാസം മുമ്പാണ് അനു സ്‌നിജോയുടെ ജീവിത സഖിയായത്. ബംഗളൂരുവിൽ ജോലി നോക്കുന്ന അനു ഞായറാഴ്ച പ്രിയതമനെ ഗൾഫിലേക്ക് യാത്രയാക്കാൻ വരും വഴിയാണ് മരണം കൂട്ടിക്കൊണ്ടുപോയത്.

എരുമപ്പെട്ടി വാഴപ്പിള്ളി ജോസ്‌-ലിസി ദമ്പതികളുടെ മകനായ സ്‌നിജോ എയ്യാൽ കൊള്ളന്നൂർ വർഗീസ് - മർഗലി ദമ്പതികളുടെ മകളായ അനുവിന് മിന്ന് ചാർത്തിയത് ജനുവരി 19ന്.

ബംഗളൂരുവിലെ ഒപ്റ്റം മെഡിക്കൽ സെന്ററിൽ ഹാർട്ട് സർജറി വിഭാഗത്തിൽ ടെക്നീഷ്യനാണ് അനു. ഖത്തറിൽ ജോലിനോക്കുന്ന സ്‌നിജോ ലീവ് കഴിഞ്ഞ് ഞായറാഴ്ച മടങ്ങിപ്പോകാനിരിക്കെയായിരുന്നു.

ലീവ് ഇല്ലാത്തതിനാൽ അനു വിവാഹത്തിന്റെ മൂന്നാം നാൾ ബാംഗളൂരുവിലേക്ക് പോയി. ഫെബ്രുവരി രണ്ടിന് എരുമപ്പെട്ടി തിരുഹൃദയ പള്ളി പെരുന്നാളിന് തിരിച്ചെത്തി. ആഘോഷത്തിലും കുടുംബ സത്കാരങ്ങളിലും പങ്കെടുത്ത നവദമ്പതികൾ നാലിന് മധുവിധു ആഘോഷിക്കുന്നതിനായി ദില്ലിയിലേക്ക് പോയി. നാല് ദിവസത്തിന് ശേഷം ഇരുവരും ബംഗളൂരുവിലേക്ക് മടങ്ങി.

9ന് ജോലിയിൽ പ്രവേശിച്ച അനുവിനൊപ്പം ഒരാഴ്ച ബംഗളൂരുവിൽ സ്നിജോയും ഉണ്ടായിരുന്നു. 17ന് നാട്ടിലേക്ക് മടങ്ങിയ സ്നിജോയ്ക്കൊപ്പം അനുവിന് തിരിക്കാനായില്ല. കമ്പനി അവധി അനുവദിച്ചത് വ്യാഴാഴ്ചയായിരുന്നു. ബുധനാഴ്ചത്തെ ഡ്യൂട്ടിയും നോക്കിയാണ് രാത്രി ഒമ്പതോടെ അനു ബസിൽ കയറിയത്.

പ്രിയതമയെ കൊണ്ടുവരാൻ സ്‌നിജോ കാറുമായി ഇന്നലെ പുലർച്ചെ 3.30 ന് തന്നെ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കാത്തുനിന്നു. വരേണ്ട സമയം കഴിഞ്ഞിട്ടും ബസ് എത്താത്തതിനാൽ ഫോണിൽ വിളിച്ചപ്പോൾ എടുത്തില്ല. മണിക്കൂറുകൾക്ക് ശേഷമാണ് അപകട വിവരം പൊലീസ് അറിയിക്കുന്നത്. അനുവിന് പരിക്കേറ്റിട്ടേയുള്ളുവെന്നും പെട്ടെന്ന് വരണമെന്നുമാണ് അറിയിച്ചത്. ബന്ധുക്കളോടൊപ്പം സ്‌നിജോ അപകടം നടന്ന തിരുപ്പൂർ അവിനാശിയിലേക്ക് യാത്ര തിരിച്ചു. എന്നാൽ തിരുപ്പൂരിലെ ആശുപത്രിയിൽ എത്തിയ സ്‌നിജോ കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരമാണ്. പ്രിയതമയുടെ മൃതശരീരവുമായി സ്‌നിജോ വീട്ടിലെത്തിയ രംഗം കണ്ടു നിൽക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും വാവിട്ടു കരഞ്ഞു.

അനുവിനെ ഖത്തറിലേക്ക് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സ്നിജോ. പക്ഷേ, വിധി ഇങ്ങനെയായി.