egni

തൃശൂർ: സർട്ടിഫിക്കറ്റ് വാങ്ങിയുള്ള നാട്ടിലേക്കുള്ള മടക്കത്തിൽ ഭാര്യ ബിൻസിയെ തനിച്ചാക്കി ഇഗ്നി യാത്രയായി. ബംഗളൂരുവിൽ പഠിച്ചിരുന്ന ബിൻസിയുടെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനാണ് ഇഗ്നിയും ബിൻസിയും അഞ്ച് ദിവസം മുമ്പ് യാത്ര തിരിച്ചത്. ഇന്നലെ തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ ഒല്ലൂർ പള്ളിക്ക് സമീപം താമസിക്കുന്ന അമ്പാടൻ വീട്ടിൽ റാഫേലിന്റെ മകൻ ഇഗ്നിയെ (38) മരണം തട്ടിയെടുത്ത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിൻസി കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ബിൻസി തന്നെയാണ് അപകട വിവരം ബന്ധുക്കളെ അറിയിക്കാനുള്ള ഫോൺ നമ്പർ നൽകിയത്. ഇഗ്നി മരിച്ച വിവരവും ബിൻസി മനസിലാക്കിയിട്ടുള്ളതായി ബന്ധുക്കൾ പറഞ്ഞു. പത്ത് വർഷത്തിലേറെയായി സൗദിയിലെ റിഗിൽ ജോലി ചെയ്യുന്ന ഇഗ്നി കഴിഞ്ഞ 11നാണ് നാട്ടിലെത്തിയത്. തുടർന്ന് ഇരുവരും ചേർന്ന് അങ്കമാലി പൊങ്കത്തുള്ള ബിൻസിയുടെ വീട്ടിലെത്തി അവിടെ നിന്നാണ് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. മൂന്നു വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നാൽപത് ദിവസം കൂടുമ്പോൾ ഇഗ്നി നാട്ടിലെത്താറുണ്ട്. ആനിയാണ് അമ്മ. സഹോദരങ്ങൾ. ഷേർളി, ഷൈനി, അമ്പിളി. സംസ്കാരം പിന്നീട്.