തൃശൂർ: അവനാശി അപകടത്തിൽ മരിച്ച യേശുദാസ് നാട്ടിലേക്കുള്ള യാത്രയ്ക്ക് സ്ഥിരമായുപയോഗിക്കാറുള്ള കാറിനു പകരം ബസ് തിരഞ്ഞെടുത്തത് മരണത്തിലേക്കായി. അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ കൊള്ളന്നൂർ കൊട്ടേക്കാട്ടിൽ പരേതനായ ഡേവിസിന്റെ മകൻ യേശുദാസ് (38) റഷ്യൻ യാത്രയുമായി ബന്ധപ്പെട്ട് പാസ്‌പോർട്ട് പുതുക്കുന്നതിനും അമ്മയെ കാണുന്നതിനുമാണ് ബംഗളൂരവിൽ നിന്ന് പുറപ്പെട്ടത്.
നാട്ടിലേക്ക് വരുന്നത് ഭൂരിഭാഗവും കാറിലായിരുന്നു. എന്നാൽ ഇന്നലെ യാത്രയ്ക്ക് ബസ് തിരഞ്ഞെടുത്തത് അന്ത്യയാത്രയായി മാറി. ടൊയോട്ട കമ്പനിയിലെ ജീവനക്കാരാനായ യേശുദാസ് ഭാര്യ സെമിയും മകൻ ഏദനും ഒന്നിച്ച് ബംഗളൂരുവിലാണ് താമസം. ഇടയ്ക്കിടെ അമ്മയെ കാണാൻ നാട്ടിലെക്ക് വരാറുണ്ടായിരുന്നു. അപകടമുണ്ടായതിന് തലേദിവസം സുഹൃത്തിനെ വിളിച്ച് താൻ ഏറണാകുളത്തേക്ക് പാസ്‌പോർട്ട് പുതുക്കുന്നതിനും അവിടെ നിന്ന് അമ്മയെ കാണാനും എത്തുന്നുണ്ടെന്ന വിവരം അറിയിച്ചിരുന്നു.