തിരുവനന്തപുരം: ഐ.എഫ്.എസ്, ഐ.എ.എസ്, ഐ.പി.എസ് സർവീസുകളിലേക്ക് യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയ്ക്ക് മാർച്ച് മൂന്നു വരെ അപേക്ഷിക്കാം.പരീക്ഷ മേയ് 31 ന്. 796 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ബിരുദം ആണ് യോഗ്യത. അവസാന വർഷ ബിരുദവിദ്യാർത്ഥികളെയും പരിഗണിക്കും. പ്രായം 2020 ആഗസ്റ്റ് ഒന്നിന് 21- 31 വയസ്. പട്ടികജാതി, പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 37, 35 വരെയാകാം. ഭിന്നശേഷിക്കാർക്ക് 42 വരെയും വിമുക്തഭടൻമാർക്ക് നിയമാനുസൃതം ഇളവുമുണ്ട്. ആറു തവണ വരെ പരീക്ഷ എഴുതാം. പിന്നാക്ക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഒൻപതുതവണ വരെ എഴുതാം. പട്ടികവിഭാഗക്കാർക്ക് പ്രായപരിധി കടക്കുന്നതുവരെ എത്രതവണ വേണമെങ്കിലും എഴുതാം. പ്രിലിമിനറിപരീക്ഷയിൽ വിജയിച്ചാൽ മെയിൻ പരീക്ഷ എഴുതാം. അന്തിമ റാങ്കിംഗിന് മെയിനിലെയും ഇന്റർവ്യൂവിലെയും മാർക്കാണ് പരിഗണിക്കുന്നത്. പ്രിലിമിനറി പരീക്ഷയ്ക്ക് ഒബ്ജക്ടീവ് രീതിയിലുള്ള 200 മാർക്കു വീതമുള്ള രണ്ടു പേപ്പറുകൾ. ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്ക് ഉണ്ട്. മെയിനിലേക്കുള്ള റാങ്കിംഗ് ഒന്നാം പേപ്പറിലെ മാർക്ക് അടിസ്ഥാനമാക്കിയാണ്. രണ്ടാം പേപ്പറിൽ 33 ശതമാനം മാർക്ക് നേടണം. പ്രിലിമിനറിയിലെ മികവു നോക്കി ഒഴിവുകളുടെ 12- 13 മടങ്ങോളം പേരെ മെയിനിനു ക്ഷണിക്കും. മെയിനിൽ നല്ല പ്രകടനം കാഴ്ചയവ്ക്കുന്നവർക്ക് ഇന്റർവ്യൂ. ഒഴിവുകളുടെ രണ്ടര മടങ്ങോളം പേർക്ക് ഇന്റർവ്യൂവിന് ക്ഷണം ലഭിക്കും.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയും പ്രിലിമിനറി പരീകേന്ദ്രമാണ്. മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് പരീക്ഷാകേന്ദ്രം. വിശദ വിവരങ്ങൾക്ക് https: // upsonline.nic.in, https: // upsc.gov.in.