dgf

കൊല്ലം:വലിയ കൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന കുംഭഭരണി മഹോത്സവത്തിന് ഇന്നലെ കൊടിയേറി. പ്രശസ്തമായ ചന്ദ്രപ്പൊങ്കൽ ഇന്ന് വൈകിട്ട് ആറു മണിക്ക് നടക്കും. പത്തു കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരക്കും. രണ്ടു ലക്ഷത്തിലേറെ ഭക്തജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ. 2700 വോളണ്ടിയർമാരും തീർത്ഥം തളിക്കാൻ ഇരുന്നൂറിലേറെ ശാന്തിമാരും രംഗത്തുണ്ട്.
ഇന്നലെ രാവിലെ 7.32നും 8.10നും മദ്ധ്യേ ക്ഷേത്രാചാര്യൻ കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി സജീവ്ശാന്തിയുടെയും നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്. വൈകുന്നേരം കൂനമ്പായിക്കുളത്തമ്മ ധർമ്മസംഘത്തിന്റെ നേതൃത്വത്തിൽ പാലത്തറ ക്ഷേത്രത്തിൽനിന്ന് ഗംഭീര കെട്ടുകാഴ്ചയും ഉണ്ടായിരുന്നു.
കാര്യസിദ്ധിപൂജ 1001 ആഴ്ച പൂർത്തിയായ അന്തരീക്ഷത്തിലാണ് ഇത്തവണത്തെ ഉത്സവം.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻനായർ ചന്ദ്രപ്പൊങ്കലിന് വൈകിട്ട് 5.30ന് ഭദ്രദീപം തെളിക്കും. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി സജീവ്ശാന്തിയുടെയും നേതൃത്വത്തിലാണ് പണ്ടാരഅടുപ്പിൽ ദീപം പകരുന്നത്.