avinashi-accident

തൃശൂർ: മകൾ ആഭ മരിയയുടെ മുടി മുറിക്കൽ ചടങ്ങിന് വേളാങ്കണ്ണിക്ക് പോകാൻ ബംഗളൂരുവിൽ നിന്നു തിരിച്ച ആലുക്കാസ് ജുവലറി മാനേജർ ചിയ്യാരം ചിറ്റിലപ്പിള്ളി ജോഫി സി. പോളിന് ഏഴാം വിവാഹ വാർഷിക ദിനത്തിൽ ദാരുണാന്ത്യം. 2013 ജനുവരി 20നാണ് ജോഫി റിഫിയെ ജീവിത സഖിയാക്കിയത്.

രണ്ടു വയസു തികയുമ്പോൾ 'കുഞ്ഞാവ'യുടെ മുടി മുറിക്കാൻ നേർച്ചയുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ തൃശൂരിലെത്തിയ ശേഷം കുടുംബവുമൊത്ത് വേളാങ്കണ്ണിക്ക് പോകാനായിരുന്നു ജോഫിയുടെ പരിപാടി. പക്ഷേ...

രണ്ട് വയസ് വീതം പ്രായ വ്യത്യാസമുള്ള പറക്കമുറ്റാത്ത മൂന്ന് കുട്ടികളുടെ പിതാവാണ് ജോഫി. വീടിന്റെ ഉമ്മറത്ത് ചുമരിൽ മുഴുവൻ വലിയ പ്രിന്റെടുത്ത് ആഭ മരിയയുടെ ഫോട്ടോകൾ പതിച്ചിട്ടുണ്ട് അവളുടെ പ്രിയപ്പെട്ട അച്ഛൻ.

നാല് വർഷം മുമ്പ് ജുവലറിയുടെ ബ്രാഞ്ച് മൈസൂരിൽ തുടങ്ങിയപ്പോഴാണ് ജോഫി തൃശൂരിൽ നിന്നു പോകുന്നത്. രണ്ട് വർഷം മുമ്പ് ബംഗളൂരുവിൽ ബ്രാഞ്ച് തുടങ്ങിയപ്പോൾ ജോഫിയെ അങ്ങോട്ട് മാറ്റി. എല്ലാ മാസവും നാട്ടിലെത്തുമായിരുന്നു.

സ്ഥിരമായി ട്രെയിനിൽ വന്നിരുന്ന ജോഫി ഇത്തവണ ടിക്കറ്റ് ലഭിക്കാത്തതിനാൽ ബസിൽ തിരിക്കുകയായിരുന്നു. ഭാര്യ റിഫി വീട്ടമ്മയാണ്. മൂത്ത കുട്ടി ഏദൻ കുരിയിച്ചിറ സെന്റ് പോൾ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ആൻ തെരാസ് ചിയ്യാരം സെന്റ് മേരീസ് യു.പി സ്കൂളിലെ പ്ലേ സ്കൂളിലും. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെട്ടി ആട്ടോറിക്ഷ ഡ്രൈവറാണ് പിതാവ് പോൾ.