തിരുവനന്തപുരം: തമിഴ്നാട്ടിൽ കോയമ്പത്തൂർ അവിനാശിക്ക് സമീപം കെ.എസ്,ആർ.ടി.സി ബസിൽ കണ്ടെയ്നർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെ.എസ്.ആർ.ടി.സി പത്തുലക്ഷം രൂപ വീതം നൽകും. അടിയന്തരസഹായമായി 2 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം വീതവും നല്‍കും. കെ.എസ്.ആർ.ടി.സിയുടെ ഇൻഷ്വറൻസ് തുകയാണ് നൽകുന്നത്.
ബംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ കണ്ടെയ്നര്‍ ലോറിയിടിച്ച് പത്തൊൻപതുപേരാണ് മരിച്ചത്. 25 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അപടത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റുമോർട്ടം തുടരുന്നു. പോസ്റ്റുമോർട്ടം പൂർത്തിയായ പതിനൊന്നുപേരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘവും ഉദ്യോഗസ്ഥ സംഘവും അവിനാശിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തിൽപ്പെട്ടവരുടെ സാധനസാമഗ്രികൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.