തൃശൂർ: ബാംഗ്ളൂരിലെ ജോലി സ്ഥലത്തു നിന്നും ഏറെ സന്തോഷത്തോടെയാണ് ഹനീഷ് (25) നാട്ടിലേക്ക് തിരിച്ചത്.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ അഞ്ചുമാസം മുമ്പ് താലിചാർത്തി നെഞ്ചോട് ചേർത്ത ശ്രീപാർവതിക്കൊപ്പം സുഹൃത്തിന്റെ വിവാഹ നിശ്ചയം കൂടണം, പ്രിയതമയെ ബംഗളൂരുവിലെ ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന 'സ്വകാര്യം' നേരിട്ട് പറയണം, ആ സന്തോഷം കൺനിറയെ കാണണം തുടങ്ങി സ്വപ്നങ്ങളേറെയായിരുന്നു ഹനീഷിന്. പക്ഷേ, നേരം പുലരുമ്പോഴേക്കും എല്ലാം കണ്ണീരിലമർന്നു.
ബന്ധുവും ആത്മാർത്ഥ സുഹൃത്തുമായ സുരാഗിനെ ഹനീഷ് ബുധനാഴ്ച വിളിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിൽ വരണമെന്നും സുഹൃത്ത് ശ്യാമിന്റെ വിവാഹ നിശ്ചയത്തിന് ഭാര്യയുമായി പോകാൻ വണ്ടി കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഹനീഷിന്റെ വീട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സുരാഗിനെ തേടി ദുരന്ത വാർത്തയെത്തിയത്.
ചിറ്റിലപ്പിള്ളിയിൽ കുറുവങ്ങാട്ട് വീട്ടിൽ മണികണ്ഠന്റെയും ലീലയും ഏക മകൻ ഹനീഷിന് ബംഗളൂരുവിലെ ഫനുഖ് കമ്പനിയിലാണ് ജോലി. തൃത്താലയാണ് ജന്മദേശമെങ്കിലും കുട്ടിക്കാലം മുതൽ ചിറ്റിലപ്പിള്ളിയിലെ വാടകവീട്ടിലാണ് താമസം. സ്ഥലം വാങ്ങി പുതിയ വീട് വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. സ്നേഹിച്ച് കൊതി തീരും മുമ്പെ പ്രിയതമനെ നഷ്ടപ്പെട്ട വേദനയിലാണ് ശ്രീപാർവ്വതി.
ഹണിമ ഏക സഹോദരിയാണ്. സംസ്‌കാരം ഇന്ന് നടക്കും.