thirupur-accident-

തിരുപ്പൂർ: കോയമ്പത്തൂർ-സേലം ദേശീയപാതയിൽ അവിനാശി മേൽപ്പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ഗരുഡ കിംഗ് ക്ലാസ് ബസിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഇടിച്ചുകയറിയുണ്ടായ ദുരന്തത്തിൽ മരിച്ച അഞ്ച് സ്ത്രീകളുൾപ്പെടെ 19 പേരും മലയാളികൾ. ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചവരിൽ ഉൾപ്പെടുന്നു. കേരളത്തിലെ പൊതുഗതാഗത ബസ് സർവീസിന്റെ ജന്മദിനമായ ഇന്നലെ പുലർച്ചെ 3.25നാണ് അപകടം. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു വന്ന ബസിന്റെ മുൻഭാഗത്തേക്ക്, എതിർഭാഗത്തുന്നിന്ന് വൺവേ തെറ്റിച്ച്, ഡിവൈഡറിൽ തട്ടി തെറുച്ചുവന്ന ലോറി ഇടിത്തീപോലെ പതിക്കുകയായിരുന്നു. ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. കൊച്ചി വല്ലാർപാടം ടെർമിനലിൽ നിന്നു ടൈൽ നിറച്ചു പോയതാണ് ലോറി.

പരിക്കേറ്റ 25 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പോസ്റ്റുമോർട്ടം പൂർത്തിയായ പതിനൊന്നുപേരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘവും ഉദ്യോഗസ്ഥ സംഘവും അവിനാശിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തിൽപ്പെട്ടവരുടെ സാധനസാമഗ്രികൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

ദുരന്തത്തിൽ പൊലിഞ്ഞവർ

1.ബസ് ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ഗിരീഷ് (44), 2.കണ്ടക്ടർ പിറവം വെളിയനാട് സ്വദേശി ബൈജു (47), 3. തൃശൂർ ചിയ്യാരം കരുവാൻ റോഡിൽ ചിറ്റിലപ്പള്ളി പോളിന്റെ മകൻ ജോഫി സി. പോൾ (33), 4. തൃശൂർ ചിറ്റിലപ്പിള്ളി കുറവങ്ങാട്ട് വീട്ടിൽ മണികണ്ഠന്റെ മകൻ ഹനീഷ് (25), 5. അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ പരേതനായ കൊള്ളന്നൂർ കൊട്ടേക്കാട്ടിൽ പരേതനായ ഡേവിസിന്റെ മകൻ യേശുദാസ്(38), 6. ഏരുമപ്പെട്ടി വാഴപ്പിള്ളി വീട്ടിൽ സിൻജോയുടെ ഭാര്യ അനു(24), 7. ഒല്ലൂർ അമ്പാടൻ വീട്ടിൽ റാഫേലിന്റെ മകൻ ഇഗ്നി റാഫേൽ (38), 8. വടക്കേക്കാട് അണ്ടത്തോട് കുമാരൻപടി കല്ലുവളപ്പിൽ മുഹമ്മദാലി മകൻ നസീഫ്(24), 9. പുതുക്കാട് കല്ലൂർ പാലത്തുപറമ്പിൽ മംഗലത്ത് വീട്ടിൽ പരേതനായ ശശികുമാറിന്റെ മകൻ കിരൺ കുമാർ (23),10. അങ്കമാലി തുറവൂർ നെല്ലിക്കാക്കുടി കിടങ്ങേൻ (പൊട്ടോളി) ഷാജുവിന്റെ മകൻ ജിസ്‌മോൻ (22),11. ഓലിയാൻ കവലയ്ക്കു സമീപം കളീക്കൽ (സണ്ണി ഫോട്ടോസ് ) എംസി. മാത്യു (34), 12. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര തോപ്പിൽ വീട്ടിൽ ഗോകുൽനാഥന്റെ ഏകമകൾ ഗോപിക (23),13. പാലക്കാട് സ്വദേശികളായ ശിവകുമാർ (35), 14.രാഗേഷ് (35), 15.റോസ്‌ലി (64), 16.എറണാകുളം ഇടപ്പള്ളി സ്വദേശി ഐശ്വര്യ (28), 17.ചോറ്റാനിക്കര തിരുവാണിയൂർ കുംഭപ്പിള്ളി വി. പുരുഷോത്തമന്റെ മകൻ പി. ശിവശങ്കർ (30), 18.കണ്ണൂർ സ്വദേശി സനൂപ് (30), 19.ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മാനസി മണികണ്ഠൻ (20) എന്നിവരാണ് മരിച്ചത്.

ആശ്രിതർക്ക് 10 ലക്ഷം

ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് കെ.എസ്.ആർ.ടി.സി 10 ലക്ഷം രൂപ വീതം നൽകും. ഇതിൽ 2 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം വീതവും നല്‍കും. കെ.എസ്.ആർ.ടി.സിയുടെ ഇൻഷ്വറൻസ് തുകയാണ് നൽകുന്നത്.

അപകടവും കാരണവും

ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

ആറുവരിപ്പാതയിൽ അവിനാശി മേല്പാലം കഴിഞ്ഞ് വലിയ ഇറക്കമാണ്. അമിത വേഗതയിൽ വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് ഡിവൈഡറിന് മുകളിലേക്ക് കയറി 50 മീറ്ററിലേറെ സഞ്ചരിച്ച ശേഷമാണ് എതിർ ട്രാക്കിൽ വന്ന ബസിൽ ഇടിച്ചുകയറിയത്.

ലോറിയുടെ പ്ലാറ്റ്ഫോമിൽ നിന്ന് കണ്ടെയ്‌നർ റോഡിലേക്ക് മറിഞ്ഞു. ബസിന്റെ വലതുവശത്താണ് കണ്ടെയ്നർ ഇടിച്ചത്.മുൻനിരയിലെ ഡ്രൈവറുടെ ഭാഗത്തുള്ള ആറുവരിയോളം സീറ്റുകൾ ഇളകിത്തെറിച്ചു. ഒരു യുവതി ഉൾപ്പെടെ രണ്ടുപേർ റോഡിലേക്ക് തെറിച്ചുവീണു.ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ബസ് പുറപ്പെട്ടത്?

18ന് കേരളത്തിലേക്കു മടങ്ങേണ്ടിയിരുന്ന ബസ് യാത്രക്കാർ ഇല്ലാത്തതിനാൽ 19നാണു പുറപ്പെട്ടത്. ഇന്നലെ രാവിലെ ഏഴു മണിക്കു കൊച്ചിയിൽ എത്തേണ്ടതായിരുന്നു. യാത്രക്കാരായ 48 പേരിൽ 42പേരും മലയാളികളാണ്.