കൊച്ചി: ആഭരണ പ്രേമികളെ സങ്കടത്തിലാക്കി സ്വർണവില റെക്കാഡ് കുതിപ്പ് തുടരുന്നു. പവന് ഇന്നലെ 200 രൂപ വർദ്ധിച്ച് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 30,880 രൂപയിലെത്തി. 25 രൂപ ഉയർന്ന് 3,860 രൂപയാണ് ഗ്രാം വില. ലോക വ്യാപാര ഭൂപടത്തിൽ മുൻനിര സ്ഥാനമുള്ള ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ കൊറോണ വൈറസ് പാടെ തകർത്തതാണ് പൊന്നിൻ വിലക്കുതിപ്പിന് കാരണം.
ചൈനയുടെ ക്ഷീണം ആഗോള സമ്പദ്‌വ്യവസ്ഥയെ തളർത്തുകയാണ്. ആഗോള ഓഹരി വിപണികൾ ഏറെക്കാലമായി നഷ്‌ടം രുചിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടിയതാണ് വിലക്കുതിപ്പുണ്ടാക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില ഔൺസിന് ഇന്നലെ ഏഴുവർഷത്തെ ഉയരമായ 1,615 ഡോളറിലെത്തി.
ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ മൂല്യം ഇടിഞ്ഞതുമൂലം, സ്വർണം ഇറക്കുമതിച്ചെലവ് കൂടിയതും ഇന്ത്യയിൽ വില വർദ്ധന സൃഷ്‌ടിക്കുന്നു. 27 പൈസ നഷ്‌ടവുമായി ഡോളറിനെതിരെ 71.81ലാണ് ഇന്നലെ രൂപ വ്യാപാരം അവസാനിപ്പിച്ചത്.
ഒരു പവന്
വേണം
₹35,000
ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 35,000 രൂപ കൊടുക്കേണ്ട സ്ഥിതിയാണ് കേരളത്തിൽ. പവൻ വില ഇന്നലെ 30,880 രൂപ. ഇതോടൊപ്പം കുറഞ്ഞത് 5 ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജി.എസ്.ടി., 0.25 ശതമാനം പ്രളയസെസ് എന്നിവകൂടി ചേരുമ്പോൾ വില 35,000 രൂപ കടക്കും.
പൊന്നിൻ കുതിപ്പ്
ഈമാസം ഇതുവരെ പവന് കേരളത്തിൽ കൂടിയത് 960 രൂപ. ഗ്രാമിന് 120 രൂപയും കൂടി.