തിരുവനന്തപുരം : കോയമ്പത്തൂർ അവിനാശിയിൽ അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി. ജീവനക്കാരായിരുന്ന ഗിരീഷിനും ബൈജുവിനും അനുശോചനമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്.ആർ.ടി.സിക്ക് മികച്ച രണ്ടു ജീവനക്കാരെയാണ് നഷ്ടപ്പെട്ടത്. അതിലുമുപരി മാതൃകയാക്കേണ്ട രണ്ടു മനുഷ്യസ്നേഹികളാണ് നമ്മെ വിട്ടു പോയതെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്‌നർ ലോറി കെ.എസ്.ആർ.ടി.സി. ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ച 19 പേരും മലയാളികളാണ്. ബംഗളുരുവിൽ നിന്ന് എറണാകുളത്തേക്കു വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അ
അവിനാശി ബസ് അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരായ ഗിരീഷിൻ്റേയും ബൈജുവിൻ്റേയും വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. കെ.എസ്.ആർ.ടി.സിക്ക് മികച്ച രണ്ടു ജീവനക്കാരെയാണ് നഷ്ടപ്പെട്ടത്. അതിലുമുപരി മാതൃകയാക്കേണ്ട രണ്ടു മനുഷ്യസ്നേഹികളാണ് നമ്മെ വിട്ടു പോയത്. കഴിഞ്ഞ വർഷം യാത്രക്കിടയിൽ ഗുരുതരമായ രോഗാവസ്ഥ നേരിടേണ്ടി വന്ന യുവതിക്ക് ചികിത്സ നൽകാൻ ഇവർ കാണിച്ച സേവന സന്നദ്ധതയും ത്യാഗവും ജനശ്രദ്ധ ആകർഷിച്ച വാർത്തയായിരുന്നു. ബസ് വഴി തിരിച്ചു വിട്ട് കൃത്യ സമയത്ത് ചികിത്സ നൽകുവാനും, ബന്ധുക്കൾ വരുന്നതു വരെ ഉത്തരവാദിത്വമേറ്റെടുത്ത് ആശുപത്രിയിൽ യുവതിക്കൊപ്പം നിൽക്കുവാനും തയ്യാറായത്, സഹജീവികളോടുള്ള കരുതലിൻ്റേയ്യും സ്നേഹത്തിൻ്റേയ്യും ആഴം എത്രയെന്ന് ബോധ്യപ്പെടുത്തിയ അനുഭവമായിരുന്നു. അവർ കാണിച്ച പാത അനുകരണീയമാണ്. ബൈജുവിനും ഗിരീഷിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.