ന്യൂഡൽഹി: ഉപഭോക്തൃ വിപണിയിലേക്കുള്ള പണമൊഴുക്ക് സജീവമായിട്ടില്ലെന്ന സൂചന ശക്തമാക്കി, കഴിഞ്ഞമാസം റീട്ടെയിൽ വാഹന വില്പന ഇടിഞ്ഞു. പാസഞ്ചർ വാഹന വില്പന 4.61 ശതമാനം താഴ്‌ന്ന് 2.90 ലക്ഷം യൂണിറ്റുകളിൽ ഒതുങ്ങിയെന്ന് വിതരണക്കാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) വ്യക്തമാക്കി.
രാജ്യത്തെ 1,432 റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ.ടി.ഒ) 1,223 എണ്ണത്തിൽ നിന്നുള്ള വിവരങ്ങൾ കരസ്ഥമാക്കിയാണ് ഫാഡ കഴിഞ്ഞമാസത്തെ വില്പന റിപ്പോർട്ട് തയ്യാറാക്കിയത്. 2019 ജനുവരിയിൽ 3.04 ലക്ഷം പാസഞ്ചർ വാഹനങ്ങൾ പുതുതായി നിരത്തിലെത്തിയിരുന്നു. ടൂവീലർ വില്പന 8.82 ശതമാനം താഴ്‌ന്ന് 12.67 ലക്ഷം യൂണിറ്റുകളിലെത്തി. 82,187 വാണിജ്യ വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞത്. നഷ്‌ടം 6.89 ശതമാനം. അതേസമയം, മുച്ചക്ര വാഹന വില്പന 9.17 ശതമാനം ഉയർന്ന് 63,514 യൂണിറ്റുകളായി.
എല്ലാ ശ്രേണികളിലുമായി ആകെ 17.50 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞമാസം ഇന്ത്യക്കാർ വാങ്ങിയത്. 7.17 ശതമാനമാണ് നഷ്‌ടം. 2019 ജനുവരിയിൽ 18.85 ലക്ഷം വാഹനങ്ങൾ വിറ്റഴിഞ്ഞിരുന്നു. ബി.എസ്-4ൽ നിന്ന് ബി.എസ്-6ലേക്കുള്ള വാഹനങ്ങളുടെ മാറ്റവും അതു സംബന്ധിച്ച ഉപഭോക്താക്കളുടെ ആശങ്കയും വില്പന കുറയാൻ കാരണമാകുന്നുണ്ട്. വാങ്ങൽത്തീരുമാനം ഉപഭോക്താക്കൾ നീട്ടിവയ്ക്കുകയാണ്.