ബെംഗളൂരു: പൗരത്വ നിയമത്തിനെതിരെ ബെംഗളുരുവിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ നാടാകീയ രംഗങ്ങൾ. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയ്ക്കിടെ വേദിയിലെത്തിയ യുവതി പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുകയായിരുന്നു.
പിന്നീട് ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്നും പാകിസ്ഥാൻ സിന്ദാബാദ് എന്നും ഇവർ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ ഒവൈസി യുവതിയുടെ അരികിലെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു.
ഒവൈസിക്ക് പിന്നാലെ പ്രവർത്തകരും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വേദിയിലെത്തി യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ വീണ്ടും പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച് വേദിയിൽ തുടർന്നു. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ വേദിയിൽ നിന്നും നീക്കി കൊണ്ടു പോകുകയായിരുന്നു.അമൂല്യ ലിയോണ എന്ന യുവതിയാണ് മുദ്രാവാക്യം വിളിച്ചതെന്നും ഇവരെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം യുവതിയുമായി തനിക്കോ പാർട്ടിക്കോ ബന്ധമില്ലെന്നും അവസാന ശ്വാസം വരെ ഭാരത് മാതാ കീ ജയ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഒവൈസി വ്യക്തമാക്കി